ന്യൂഡൽഹി: പന്നിക്കശാപ്പ് തട്ടിപ്പിനെ കരുതിയിരിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. രാജ്യത്ത് സജീവമായി റിപ്പോർട്ട് ചെയ്യുന്ന പുതിയതരം ഓൺലൈൻ തട്ടിപ്പാണ് പിഗ് ബുച്ചറിംഗ് സ്കാം അഥവാ പന്നിക്കശാപ്പ് തട്ടിപ്പ്. തൊഴിൽരഹിതർ, വീട്ടമ്മമാർ, വിദ്യാർത്ഥികൾ എന്നിവരാണ് തട്ടിപ്പുകാരുടെ ലക്ഷ്യം. “നിക്ഷേപ കുംഭകോണം” എന്നുമറിയപ്പെടുന്ന ഈ തട്ടിപ്പ്, ആളുകളെ കബളിപ്പിച്ച് വലിയ തുകകൾ നഷ്‌ടപ്പെടുത്താൻ ഇടയാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
പന്നിക്കശാപ്പ് തട്ടിപ്പ് (Pig Butchering Scam)
തട്ടിപ്പിന് ഇരയാകാൻ സാധ്യതയുള്ളവരെ ലക്ഷ്യമിട്ട് ഗൂഗിളിന്റെ വിവിധ അഡ്വടൈസ്മെന്റ് പ്ലാറ്റ്ഫോമുകളിലൂടെ സൈബർ കുറ്റവാളികൾ എത്തുന്നു. കൂടാതെ സമൂഹമാദ്ധ്യമ പ്ലാറ്റ്ഫോമുകളായ ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം എന്നിവയിലൂടെയും തട്ടിപ്പുകാർ വലവിരിക്കും. ലോകത്തെമ്പാടും നിരവധി പേരെ ചതിക്കുഴിയിൽ വീഴ്‌ത്തുന്ന ഈ തട്ടിപ്പ് ആഗോളപ്രതിഭാസമായാണ് വിലയിരുത്തുന്നത്. 2016ൽ ചൈനയിൽ നിന്നാണ് പന്നിക്കശാപ്പ് തട്ടിപ്പിന്റെ ഉത്ഭവം.
ഇരകളുമായി വിശ്വാസം വളർത്തിയെടുത്ത് വ്യാജ ക്രിപ്‌റ്റോകറൻസിയിലോ മറ്റ് തട്ടിപ്പ് സ്കീമുകളിലോ പണം നിക്ഷേപിക്കാൻ പ്രേരിപ്പിക്കുന്നു. വിശ്വാസത്തിന്റെ ബലത്തിൽ വൻതുക നിക്ഷേപിക്കുകയും ഇത് പൂർണമായും നഷ്ടപ്പെടുകയും ചെയ്യും. വിശ്വാസം നേടിയെടുക്കാൻ തട്ടിപ്പുകാർ തുടക്കത്തിൽ പലസൂത്രങ്ങളും പ്രയോഗിച്ചിരിക്കും. ഇരകളുടെ പണം കൈക്കാലക്കുന്നതിന് മുൻപ് അവയെ പോറ്റിവളർത്തുന്ന സമീപനമാണ് കുറ്റവാളികൾ കൈക്കൊള്ളുക. അതിനാലാണ് ഈ തട്ടിപ്പ് പിഗ് ബുച്ചറിംഗ് സ്കാം എന്ന് അറിയപ്പെടുന്നത്.