ചെന്നൈ : അണ്ണാ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനിയോടുള്ള ക്രൂര പീഡനത്തിൽ പ്രതിഷേധിച്ച് ഇന്ന് മധുരയിൽ നിന്ന് ചെന്നൈയിലേക്ക് തമിഴ്‌നാട് ബിജെപി നടത്താനിരുന്ന വനിതാ നീതി റാലിയ്‌ക്ക് തമിഴ്‌നാട് സർക്കാർ അനുമതി നിഷേധിച്ചു. തമിഴ്‌നാട് ബിജെപി വനിതാ ടീം സംസ്ഥാന അധ്യക്ഷ ഉമാരതിയുടെ നേതൃത്വത്തിലായിരുന്നു മധുരയിൽ നിന്ന് ചെന്നൈയിലേക്ക് നീതിമാർച്ച് നടത്താനുള്ള തീരുമാനം.
കുറ്റകൃത്യത്തിൽ ഉൾപ്പെട്ട എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്നും ഇരയ്‌ക്ക് നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു തമിഴ്‌നാട് ബി.ജെ.പി. വനിതാ ടീമിന്റെ നീതി റാലി. ഇതിന് അനുമതി നിഷേധിച്ചതിന് പുറമെ വനിതാ ടീം എക്സിക്യൂട്ടീവിനെയും ഡിഎംകെ സർക്കാർ വീട്ടുതടങ്കലിലാക്കി.
“തമിഴ്‌നാട്ടിലെ ഈ ഡി.എം.കെ ഗവൺമെൻ്റിന് കീഴിൽ, ഗുണ്ടകളും ലൈംഗിക കുറ്റവാളികളും ഡി.എം.കെ പ്രവർത്തകനെന്ന മറവിൽ സ്വതന്ത്രമായി വിഹരിക്കുന്നു, ഡിഎംകെ പ്രവർത്തകനാൽ ലൈംഗികാതിക്രമത്തിനിരയായ വിദ്യാർത്ഥിനിക്ക് നീതി തേടി മധുരയിൽ നടന്ന റാലിയിൽ പങ്കെടുക്കുന്നത് തടയാൻ മഹിളാ മോർച്ചാ ഭാരവാഹികളെ ഇന്ന് വിവിധ ജില്ലകളിലെ അറസ്‌റ്റ് ചെയ്യുകയോ വീട്ടുതടങ്കലിൽ പാർപ്പിക്കുകയോ ചെയ്‌തു. എന്തിനാണ് ഡിഎംകെ സർക്കാർ കുറ്റവാളികളെ സംരക്ഷിക്കുന്നത് തുറന്നുകാട്ടപ്പെടുമെന്ന് ഭയപ്പെടുന്നത്, നീതി തേടുന്നവരെ നിശബ്ദരാക്കാൻ അവർ ശ്രമിക്കുന്നത്?” ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ ചോദിച്ചു.
എന്നാൽ നേതൃത്വത്തെ ഒന്നാകെ വീട്ടുതടങ്കലിൽ ആക്കിയും തടഞ്ഞും റാലി പൊളിക്കാൻ പോലീസ് നടത്തിയ എല്ലാ ശ്രമങ്ങളെയും തകർത്തുകൊണ്ട് മധുരൈയിൽ ആയിരക്കണക്കിന് മഹിളാമോർച്ച പ്രവർത്തകർ ഒത്തു കൂടി. അവർ ഡി എം കെ സർക്കാരിനെതിരെ പ്രതിഷേധിച്ചു.വിലക്ക് അവഗണിച്ച് മധുരയിൽ ഖുശ്ബുവിന്റെ നേതൃത്വത്തിൽ സ്ത്രീകൾ പ്രതിഷേധ പ്രകടനം നടത്തി. റോഡിൽ കുത്തിയിരുന്ന മഹിളാമോർച്ചാ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.അവർ റാലിക്ക് അനുമതി നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല. അവർ അനുമതി നൽകില്ലെന്ന് നേരത്തെ തന്നെ അറിയാമായിരുന്നുവെന്നും ഖുശ്ബു പറഞ്ഞു.