മംഗളൂരു: കർണാടക തീരദേശത്തെ പ്രസിദ്ധമായ ധർമ്മസ്ഥലയിലെ പുണ്യനദിയായ നേത്രാവതിയിൽ പശുവിറച്ചി മാലിന്യം എറിഞ്ഞ് മലിനമാക്കിയതായി ഗുരുതര ആരോപണം. ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്ങാടി താലൂക്കിലെ ചാർമാഡി ഗ്രാമത്തിലെ അന്നാർ എന്ന സ്ഥലത്താണ് ഈ അതിക്രമം നടന്നത്. നേത്രാവതിയിൽ ചേരുന്ന കൈവഴിയായ മൃത്യുഞ്ജയ നദിയിലേക്കാണ് അക്രമികൾ പശുവിനെ കൊന്നതിന് ശേഷമുള്ള മാലിന്യം തള്ളിയത്.
പശ്ചിമഘട്ടത്തിൽ നിന്ന് ഒഴുകി ധർമസ്ഥലക്കടുത്ത് വെച്ച് നേത്രാവതിയിൽ ചേരുന്ന മൃത്യുഞ്ജയ നദിയിൽ പശുവിന്റെ ജഡങ്ങളും തോലുകളും എറിഞ്ഞ നിലയിൽ കണ്ടെത്തി.
ദിവസവും ലക്ഷക്കണക്കിന് ഭക്തർ ഈ ക്ഷേത്രം സന്ദർശിക്കുന്നുണ്ട് , അവരിൽ ഭൂരിഭാഗവും നേത്രാവതി നദിയിൽ പുണ്യസ്നാനം ചെയ്യുന്നു. ഇതുകൂടാതെ ധർമ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥ സ്വാമിയുടെ നിത്യേനയുള്ള അഭിഷേകത്തിനും നേത്രാവതി നദീജലം ഉപയോഗിക്കുന്നു. കോടിക്കണക്കിന് ഭക്തരുടെ വിശ്വാസത്തെയാണ് പശുവിറച്ചി തള്ളിയവർ വ്രണപ്പെടുത്തിയതെന്ന് നാട്ടുകാർ ആരോപിച്ചു.
ചാർമാടി വില്ലേജിലെ അണ്ണാറിനടുത്ത് പുഴയിൽ പശുക്കളുടെ അഴുകിയ ജഡങ്ങൾ കണ്ടെത്തിയത് പ്രദേശത്തെ നിരവധി വീടുകളിലും വനമേഖലയിലും അനധികൃത ഗോവധം നടക്കുന്നതായി സംശയം ജനിപ്പിച്ചിട്ടുണ്ട്. പശുക്കളെ കശാപ്പ് ചെയ്ത ശേഷം അവശിഷ്ടങ്ങൾ കെട്ടുകളാക്കി പുഴയിൽ തള്ളുന്നതായി നാട്ടുകാർ ആരോപിച്ചു. പുണ്യനദിയായ നേത്രാവതിയെ ബോധപൂർവം അവഹേളിക്കുവാനുള്ള നീക്കമാണിതെന്നും ആക്ഷേപമുണ്ട്.
ഇതിനെത്തുടർന്ന് കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന് ഭക്തർ ആവശ്യപ്പെട്ടു. പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ജില്ലയിലെ ഹിന്ദു വിശ്വാസികളോടൊപ്പം ചേർന്ന് ശക്തമായി പോരാടുമെന്ന് ബജ്റംഗ്ദൾ മുന്നറിയിപ്പ് നൽകി. മൃത്യുഞ്ജയ നദിയിൽ പശുവിന്റെ ജഡവും അവശിഷ്‌ടവും കണ്ടെത്തിയതായി നേരത്തെ പലതവണ പരാതിപ്പെട്ടിട്ടും ധർമസ്ഥല പോലീസ് നടപടിയെടുത്തില്ലെന്ന് ഹിന്ദു സംഘടനകൾ ആരോപിച്ചു. ഇപ്പോൾ 11 ചാക്കിൽ അധികം പശുവിറച്ചി അവശിഷ്ടങ്ങൾ കണ്ടെത്തിയത് നാട്ടുകാരെയും ധർമ്മസ്ഥലയിലെ ഭക്തരെയും ഞെട്ടിച്ചിരിക്കുകയാണ്.