മുടികൊഴിച്ചിലും താരനും അകാല നരയും പെൺകുട്ടികളെയും ആൺകുട്ടികളെയും ഒരുപോലെ ബാധിക്കുന്ന പ്രശ്‌നമായി മാറിയിരിക്കുന്നു. വീട്ടിലുള്ള മുട്ടകൊണ്ടുതന്നെ മുടികൊഴിച്ചിലെന്ന പ്രശ്‌നത്തിന് പരിഹാരം കാണാം. മുട്ട പോഷക സമ്പുഷ്ടവും ആരോഗ്യമുള്ള മുടിയെ വളർച്ചയ്‌ക്ക് അത്യുത്തമവുമാണ്. പൊതുവെ മുട്ടയുടെ വെള്ളയാണ് ആരോഗ്യത്തിന് നല്ലതായി കരുതുന്നത്. എന്നാൽ മുടി വളർച്ചയ്‌ക്ക് വെള്ളയാണോ മഞ്ഞയാണോ നല്ലതെന്ന സംശയം പലർക്കുമുണ്ട്.
മുട്ടയുടെ മഞ്ഞക്കരുവിൽ മുടി വളർച്ചയ്‌ക്ക് ആവശ്യമായ ബയോട്ടിൻ, വിറ്റാമിൻ എ, ഡി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിൽ അടങ്ങിയിട്ടുള്ള ആരോഗ്യകരമായ കൊഴുപ്പുകൾ തലയോട്ടിയെ ആഴത്തിൽ പോഷിപ്പിക്കുകയും മുടിയിഴകളെ ശക്തിപ്പെടുത്തുകയും ചെയ്യും. ഇവ മുടിയിലെ വരൾച്ച ഇല്ലാതാക്കി ഈർപ്പം നിലനിർത്തുകയും മുടിപൊട്ടുന്നത് തടയുകയും ചെയ്യുന്നു.
അതേസമയം മുട്ടയുടെ വെള്ളയിൽ പ്രോട്ടീൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കേടായ മുടിഴകളെ പോഷണം നൽകി മിനുസമുള്ളതാക്കി തീർക്കുന്നു. മുട്ടയുടെ വെള്ളയിലുള്ള എൻസൈമുകൾ തലയോട്ടി വൃത്തിയാക്കുകയും അധിക എണ്ണ നീക്കം ചെയ്യുകയും ചെയ്യുന്നു. ഇവ തലയോട്ടിലെ സെബം ഉത്പാദനം സന്തുലിതമായി നിലനിർത്തുന്നു. അതേസമയം ഇവയ്‌ക്ക് മഞ്ഞക്കരുവിനുള്ളതുപോലെ മോയ്സ്ചറൈസിംഗ് ഗുണങ്ങൾ ഇല്ല.
അതിനാൽ നിങ്ങളുടെ മുടിയുടെ അവസ്ഥയും ആവശ്യങ്ങളും പരിഗണിച്ചാണ് അനുയോജ്യമായ തെരഞ്ഞെടുപ്പ് നടത്തേണ്ടത്. മുട്ടയുടെ വെള്ള എണ്ണമയമുള്ള മുടിയുടെ സംരക്ഷണത്തിനും വളർച്ചയ്‌ക്കും ഉപയോഗിക്കാം. അതേസമയം ഈർപ്പമില്ലാത്ത വരണ്ട മുടിഴകളാണ് നിങ്ങൾക്കുള്ളതെങ്കിൽ മുട്ടയുടെ മഞ്ഞ ഉപയോഗിക്കാം.