ഹൈദരാബാദ്: പുഷ്പ 2 പ്രീമിയർ റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച കേസിൽ നടൻ അല്ലു അര്‍ജുന് സ്ഥിരം ജാമ്യം അനുവദിച്ച് കോടതി. ഹൈദരാബാദ് നാമ്പള്ളി മജിസ്‌ട്രേറ്റ് കോടതിയാണ് താരത്തിന് ജാമ്യം അനുവദിച്ചുകൊണ്ട് ഉത്തരവിറക്കിയത്. നിലവിൽ 50,000 രൂപ വീതമുള്ള രണ്ട് പേരുടെ ആൾ ജാമ്യമാണ് കോടതി നൽകിയിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് ഡിസംബർ 14 ന് അറസ്റ്റിലായ അല്ലുവിന് തെലങ്കാന ഹൈക്കോടതി നാലാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജനുവരി 10 വരെയുള്ള ഇടക്കാല ജാമ്യത്തിന്റെ കാലാവധി തീരുന്നതിന് മുൻപാണ് ഇപ്പോൾ സ്ഥിരം ജാമ്യം ലഭിച്ചിരിക്കുന്നത്. ഞായറാഴ്ച അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാൻ II അഡീഷണൽ മെട്രോപൊളിറ്റൻ സെഷൻസ് ജഡ്ജി അല്ലു അർജുനോട് ആവശ്യപ്പെട്ടതായി അദ്ദേഹത്തിന്റെ അഭിഭാഷകൻ അശോക് റെഡ്ഡി മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു
ഡിസംബർ 4 നാണ് അല്ലു അർജുൻ നായകനായ ‘ പുഷ്പ 2 ‘ ചിത്രം പ്രദർശിപ്പിച്ച ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 കാരിയായ സ്ത്രീ മരിച്ചത്. ഇവരുടെ 8 വയസുള്ള മകൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മരിച്ച സ്ത്രീയുടെ കുടുംബത്തിന്റെ പരാതിയിൽ അല്ലു അർജുനും അദ്ദേഹത്തിന്റെ സുരക്ഷാ ടീമിനും തിയേറ്റർ മാനേജ്‌മെൻ്റിനുമെതിരെ പൊലീസ് കേസെടുക്കുകയും നടനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു