ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയത്തിന്റെ സനാതന ധർമ്മ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി ഉപരാഷ്‌ട്രപതി ജഗദീപ് ധൻകർ. സനാതന ധർമ്മത്തിന്റെ ആഴത്തിലുള്ള അർഥം മനസിലാക്കാതെയാണ് ചിലരുടെ പ്രതികരണങ്ങളെന്നും അജ്ഞതയ്‌ക്ക് അജ്ഞതയ്‌ക്ക് ഇതിനുംമേലെ പോകാനാകുമോയെന്നും ധൻകർ ചോദിച്ചു. ജെഎൻയു വിൽ നടന്ന 27-ാ മത് അന്താരാഷ്‌ട്ര വേദാന്ത കോൺഗ്രസിലാണ് ഉപരാഷ്‌ട്രപതിയുടെ വിമർശനം.
“ചിലരുടെ സനാതനത്തെയും ഹിന്ദുവിനെയും കുറിച്ചുള്ള പരാമർശങ്ങൾ അമ്പരിപ്പിക്കുന്നതാണ്. ഈ വാക്കുകളുടെ ആഴവും അർത്ഥവും മനസിലാക്കാതെയാണ് ഇവരുടെ എടുത്തുചാടിയുള്ള പ്രതികരണം, ഇത് തികച്ചും വിരോധാഭാസവും വേദനാജനകവുമാണ്” ജഗദീപ് ധൻകർ പറഞ്ഞു.
“തെറ്റിദ്ധരിക്കപ്പെട്ട ആത്മാക്കൾ” എന്നാണ് ഉപരാഷ്‌ട്രപതി ഇത്തരക്കാരെ വിശേഷിപ്പിച്ചത്. ഇവരെ നയിക്കുന്നത് അപകടകരമായ ഒരു ആവാസവ്യവസ്ഥയാണ്. അത് സമൂഹത്തിന് മാത്രമല്ല, തങ്ങൾക്കുതന്നെ ഭീഷണിയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ആഗോള ശാസ്ത്രശാഖകൾ വേദാന്ത ദർശനത്തെ സ്വീകരിക്കുമ്പോൾ വേദാന്തത്തെയും സനാതന ധർമ്മത്തെയും പിന്തിരിപ്പൻ എന്ന് പറഞ്ഞ് തള്ളിക്കളയുന്ന ചിലർ ആത്മീയതയുടെ ഈ നാട്ടിൽ ഉണ്ടെന്നും ഉപരാഷ്‌ട്രപതി ചൂണ്ടിക്കാട്ടി. ഈ അസഹിഷ്ണുത നമ്മുടെ ജനാധിപത്യ മൂല്യങ്ങളെ തുരങ്കം വയ്‌ക്കുന്നതും സമൂഹത്തിലെ ഐക്യം തകർക്കുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു. മുൻപ് ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെയും ഉപരാഷ്‌ട്രപതി പരോക്ഷമായി വിമർശിച്ചിരുന്നു.