ബീജിംഗ്: ചൈനയിൽ പടരുന്ന HMPV അഥവാ ഹ്യുമൺ മെറ്റന്യൂമോവൈറസാണ് ഇപ്പോൾ ഏവരുടെയും ആശങ്ക. പണ്ടിതുപോലെ ചൈനയിൽ ഉത്ഭവിച്ച കൊറോണ വൈറസ് ലോകത്തെ അടിമുടി പിടിച്ചുകുലുക്കിയിരുന്നു. ഇന്നിപ്പോൾ ചൈനയിൽ നിരവധി പേരെ ആശുപത്രിയിലാക്കിയ, അനവധി പേരെ ശ്മശാനത്തിലെത്തിച്ച ഈ വൈറസ് അടുത്ത മഹാമാരിയാകുമോയെന്ന ആശങ്കയാണ് ലോകം. ഈ വൈറസിനെ ഇതരരാജ്യങ്ങൾ ഭയക്കണോ? ശൈത്യകാലത്ത് കണ്ടുവരുന്ന ഒരു ശ്വസന അണുബാധ മാത്രമണിതെന്നാണ് ചൈനയുടെ മറുപടി.
HMPV വ്യാപനത്തെക്കുറിച്ച് റിപ്പോർട്ടുകൾ വരാൻ തുടങ്ങിയതോടെ ചൈനയിലേക്കുള്ള യാത്രകൾ പരിമിതപ്പെടുത്തണമെന്ന് പല ഭരണകൂടങ്ങളും പൗരന്മാരോട് നിർദേശിച്ചിരുന്നു. ആ സാഹചര്യത്തിലാണ് ചൈനയിലെ വിദേശകാര്യ വക്താവ് മാവോ നിംഗ് വെള്ളിയാഴ്ച ഒരു വാർത്താക്കുറിപ്പിറക്കിയത്.
ചൈനയിലെ പൗരന്മാരുടെയും ചൈനയിലേക്ക് വരുന്ന വിദേശികളുടെയും ആരോഗ്യത്തിന് ചൈനീസ് സർക്കാർ അതീവ പ്രാധാന്യം നൽകുന്നുണ്ടെന്നും ശ്രദ്ധചെലുത്തുന്നുണ്ടെന്നും ഉറപ്പുനൽകുന്നു. ചൈനയിൽ യാത്ര ചെയ്യുന്നത് സുരക്ഷിതമാണെന്നും മാവോ നിംഗ് കൂട്ടിച്ചേർത്തു.
HMPV നിരവധി പേരെ ബാധിച്ചെങ്കിലും തീവ്രത കുറവാണെന്നും മുൻവർഷത്തെ അപേക്ഷിച്ച് രോഗം പടരുന്നതിന്റെ തോത് അൽപം കൂടിയെന്ന് തോന്നുന്നു എന്നുമാണ് വിദേശകാര്യ വക്താവിന്റെ മറുപടി. ചൈനയിലെ നാഷണൽ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അഡ്മിനിസ്ട്രേഷൻ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ പാലിക്കാൻ പൗരന്മാരും വിനോദസഞ്ചാരികളും ശ്രദ്ധിക്കണമെന്നും അവർ അഭ്യർത്ഥിച്ചു.
അതേസമയം ചൈനയിൽ HMPV ബാധിച്ച് ആയിരങ്ങളാണ് ആശുപത്രിയിലുള്ളത്. നിരവധി പേർ മരിച്ചെന്നും റിപ്പോർട്ടുകളുണ്ട്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക കണക്കുകൾ പങ്കുവെക്കാൻ ചൈനീസ് ഭരണകൂടം ഇതുവരെ തയ്യാറായിട്ടുമില്ല. നിലവിൽ ഇന്ത്യ ആശങ്കപ്പെടേണ്ടതില്ലെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പ്.