ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മൂടൽമഞ്ഞ് തുടരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ 360-ലധികം വിമാനങ്ങൾക്ക് സമയമാറ്റം. പ്രതികൂല കാലാവസ്ഥയെ തുടർന്ന് 60 വിമാനസർവീസുകൾ റദ്ദാക്കിയതായും 15 വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായും അധികൃതർ അറിയിച്ചു.
റൺവേയിൽ ദൃശ്യപരത കുറവായതിനാൽ ചില എയർലൈനുകളുടെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും ഡൽഹി വിമാനത്താവളത്തിലെത്തുന്ന വിമാനസർവീസുകളാണ് വൈകുന്നത്.
പുലർച്ചെ 12.15-നും 1.30-നും ഇടയിൽ ഡൽഹി വിമാനത്താവളത്തിൽ നിന്ന് 15 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. കനത്ത മൂടൽമഞ്ഞ് കാരണം വരും ദിവസങ്ങളിലും സർവീസുകളുടെ സമയക്രമത്തിൽ മാറ്റമുണ്ടാകുമെന്ന് ഇൻഡിഗോ, എയർലൈൻ അധികൃതർ അറിയിച്ചു.
കൊൽക്കത്ത വിമാനത്താവളത്തിൽ 65 വിമാന സർവീസുകൾ വൈകുകയും അഞ്ചെണ്ണം റദ്ദാക്കുകയും ചെയ്തു. ചണ്ഡീഗഡ്, അമൃത്സർ, ആഗ്ര തുടങ്ങി ഉത്തരേന്ത്യയിലെ പല നഗരങ്ങളിലും സമാനഅവസ്ഥയാണ്. കനത്ത മൂടൽമഞ്ഞിനെ തുടർന്ന് വിവിധ റൂട്ടിലേക്കുള്ള ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.
പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, ബിഹാർ, പശ്ചിമ ബംഗാൾ, മദ്ധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടുന്നത്.