ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങി ബിജെപിയും. ഭാരതീയ ജനതാ പാർട്ടിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു. ആകെയുള്ള 70 സീറ്റുകളിൽ 29 മണ്ഡലങ്ങളിലേക്ക് മത്സരിക്കുന്നവരുടെ പേരുകളാണ് പാർട്ടി പ്രഖ്യാപിച്ചത്.
ഡൽഹി മുൻ മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കേജരിവാളിനെതിരെ ബിജെപി എംപിയായിരുന്ന പർവേഷ് സാഹിബ് സിംഗ് വർമ ന്യൂഡൽഹി മണ്ഡലത്തിൽ മത്സരിക്കും. കേജരിവാളിന്റെ അടുത്ത സഹായിയും മുൻ ഡൽഹി ഗതാഗത മന്ത്രിയുമായിരുന്ന കൈലാഷ് ഗെഹ്ലോട്ട് ആംആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. അദ്ദേഹം ബിജ്വാസൻ സീറ്റിൽ നിന്ന് മത്സരിക്കും. 2024 വരെ സൗത്ത് ഡൽഹിയിലെ ബിജെപി എംപിയായിരുന്ന രമേഷ് ബിധുരിയാണ് മുഖ്യമന്ത്രി അതിഷിക്കെതിരെ കൽക്കാജി മണ്ഡലത്തിൽ നിന്ന് മത്സരിക്കുക. 2003 മുതൽ 2013 വരെ ഷീല ദീക്ഷിത് മന്ത്രിസഭയിൽ അംഗമായിരുന്ന അരവിന്ദർ സിംഗ് ലൗലി കഴിഞ്ഞ വർഷം കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. അദ്ദേഹം ഈസ്റ്റ് ഡൽഹിയിലെ ഗാന്ധിനഗർ സീറ്റിൽ നിന്ന് ജനവിധി തേടും.
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എല്ലാ സ്ഥാനാർത്ഥികളുടെയും പേരുവിവരങ്ങൾ ഭരണകക്ഷിയായ ആം ആദ്മി പാർട്ടി നേരത്തെ തന്നെ പുറത്തുവിട്ടിരുന്നു. 2015 മുതൽ രാജ്യതലസ്ഥാനം ആംആദ്മിയാണ് ഭരിക്കുന്നത്. തുടർച്ചയായ രണ്ടുതവണയും ജനവിധി ആംആദ്മിക്ക് ഒപ്പമായിരുന്നു. എന്നാൽ 2014 മുതൽ നടക്കുന്ന എല്ലാ ലോക്സഭാ തെരഞ്ഞെടുപ്പുകളിലും ഡൽഹിയിലെ മുഴുവൻ സീറ്റുകളും ബിജെപിക്കാണ് ലഭിച്ചതെന്ന പ്രത്യേകതയുമുണ്ട്. അതിനാൽ ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഫലം പ്രവചനാതീതമാണ്. ഏറെ ആകാംക്ഷയോടെ രാജ്യം ഉറ്റുനോക്കുന്ന ഡൽഹി ഇലക്ഷൻ ഫെബ്രുവരിയിലാണ് നടക്കുക.