ശാസ്താംകോട്ട: സേവാഭാരതി ശാസ്താംകോട്ടയുടെ സേവനം ഏവർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഒരു മുഴുവൻ സമയ ആസ്ഥാനം ഒരുങ്ങുന്നു. പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ, കോമൺ സർവീസ് സെന്റർ എന്നിവ ഉൾക്കൊള്ളുന്ന ഒരു ആശ്രയകേന്ദ്രം ജനുവരി അഞ്ച് ഞായറാഴ്ച പകൽ 11 മണി കഴിഞ്ഞ് ദേശീയ സേവാഭാരതി കൊല്ലം ജില്ലാ പ്രസിഡണ്ട് കെ ശ്രീകുമാർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിക്കും.
രാഷ്‌ട്രീയ സ്വയംസേവക സംഘം ശാസ്താംകോട്ട ഖണ്ഡ് സംഘചാലക് പ്രൊഫസർ ബി രാധാകൃഷ്ണൻ ചടങ്ങിൽ സന്നിഹിതനായിരിക്കും.
ശാസ്താംകോട്ട പഞ്ചായത്തിലും പരിസരപ്രദേശങ്ങളിലും ഉള്ള ജനങ്ങൾക്ക് ആവശ്യമായ എല്ലാവിധ സേവനങ്ങളും നൽകിക്കൊണ്ട് പ്രവർത്തിച്ചു വരികയാണ് സേവാഭാരതി ശാസ്താംകോട്ട.പ്രദേശത്തുള്ള കിടപ്പുരോഗികൾക്കായി ഓക്സിജൻ കോൺസെൻട്രേറ്ററുകൾ വീൽചെയറുകൾ മറ്റു ചികിത്സാ സഹായങ്ങൾ തുടങ്ങി ആവശ്യമായ ശുശ്രൂഷയും സാന്ത്വനവും നൽകുവാൻ ശാസ്താംകോട്ട സേവാഭാരതിക്ക് ഇതിനകം തന്നെ സാധിച്ചിട്ടുണ്ട്. ആ സേവന പ്രവർത്തനങ്ങൾ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ആശ്രയ കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി വിവിധ ഓൺലൈൻ സഹായങ്ങൾ ലഭ്യമാക്കുന്ന കോമൺ സർവീസ് സെന്റർ പ്രവർത്തിക്കും. ആശ്രയ കേന്ദ്രത്തിന്റെ സേവനം 24 മണിക്കൂറും ലഭ്യമായിരിക്കും.