എറണാകുളം: കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നടന്ന നൃത്തപരിപാടിയിലുണ്ടായ വീഴ്ചയിൽ ജിസിഡിഎയിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ സസ്പെൻഡ് ചെയ്തു. വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് ജിസിഡിഎ എക്സിക്യൂട്ടീവ് എഞ്ചിനീയർ എസ്എസ് ഉഷയെയാണ് സസ്പെൻഡ് ചെയ്തത്. കരാറിൽ പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കാത്തതിൽ വീഴ്ച കണ്ടെത്തിയതായി ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ജിസിഡിഎ സെക്രട്ടറിയുടെ നേതൃത്വത്തിൽ വിശദമായി അന്വേഷണം നടന്നുവരികയാണ്. കരാറിൽ പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കുന്നതിൽ ജിസിഡിഎയുടെ ഭാഗത്ത് നിന്ന് ജാഗ്രതയോടുകൂടിയ അന്വേഷണം നടന്നില്ലെന്ന് ചെയർമാൻ കെ ചന്ദ്രൻപിള്ള സമ്മതിച്ചു. സ്ഥലം വാടകയ്‌ക്ക് കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെല്ലാം അന്വേഷിച്ചതിന് ശേഷം മാത്രമേ ചെയ്യുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൈറ്റ് എഞ്ചിനീയർ ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി പരിശോധിച്ചില്ലെന്ന് ജിസിഡിഎ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്നാണ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.