ന്യൂഡൽഹി: യുവതിയെ വീഡിയോ കോളിലൂടെ മുത്വലാഖ് ചൊല്ലി പ്രവാസിയായ ഭർത്താവ്. മുംബൈ സ്വദേശിയായ യുവതിയെയാണ് ഭർത്താവ് ആകിബ് ഭട്ടിവാല വീഡിയോ കോളിലൂടെ മുത്വലാഖ് ചൊല്ലി വിവാഹബന്ധം വേർപെടുത്തിയത്. സംഭവത്തിൽ യുവതി മുംബൈയിലെ എൻആർഐ സാഗർ പൊലീസിൽ പരാതി നൽകി. ഭർതൃവീട്ടുകാർ സ്ത്രീധനമാവശ്യപ്പെട്ട് നിരന്തരം പീഡിപ്പിച്ചിരുന്നതായും യുവതി പരാതിയിൽ ആരോപിച്ചു.
2022 ൽ മുസ്ലീം മതനിയമ പ്രകാരമായിരുന്നു ഇരുവരുടെയും വിവാഹം. വഡാലയിലുള്ള ഭർതൃവീട്ടിലേക്ക് താമസം മാറിയ ശേഷമാണ് വീട്ടുകാരുടെ പീഡനം ആരംഭിച്ചതെന്ന് യുവതി പറയുന്നു. ഭർത്താവിനും അമ്മായിയമ്മയ്‌ക്കുമൊപ്പം ഇംഗ്ലണ്ടിലേക്ക് പോയതോടെ സ്ഥിതി കൂടുതൽ വഷളായി. ഭർത്താവ് ആഭരണങ്ങൾ കൈക്കലാക്കി യുവതിയെ ഇന്ത്യയിലേക്ക് തിരിച്ചയച്ചു. നാട്ടിലെത്തിയപ്പോൾ ഭർത്താവിന്റെ വീട്ടിൽ താമസിക്കാൻ അനുവദിച്ചില്ലെന്നും ഇവർ ആരോപിക്കുന്നു.
പലതവണ ആകിബിനെ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. പിന്നീട് ഇയാൾ യുവതിയെ വീഡിയോ കോൾ ചെയ്ത് മുത്വലാഖ് ചൊല്ലുകയായിരുന്നു. എന്നാൽ ആഭരണങ്ങൾ തിരികെ നൽകാൻ ആവശ്യപ്പെട്ടിട്ടും ഭർതൃവീട്ടുകാർ തയ്യാറായില്ലെന്ന് യുവതി പറഞ്ഞു. ഇവരുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്