പാലക്കാട്: വല്ലപ്പുഴയിൽ പതിനഞ്ചുകാരിയെ കാണാതായതുമായി ബന്ധപ്പെട്ട് ട്രെയിനിൽ കുട്ടിയുടെ ഒപ്പം യാത്രചെയ്തുവെന്ന് സംശയിക്കുന്ന യുവാവിന്റെ രേഖാചിത്രം പുറത്തുവിട്ട് പൊലീസ്. വല്ലപ്പുഴ സ്വദേശി അബ്ദുൽ കരീമിന്റെ മകൾ ഷഹന ഷെറിനെ കാണാതായി 6 ദിവസങ്ങൾ പിന്നിടുമ്പോഴാണ് പൊലീസ് രേഖാ ചിത്രം പുറത്തുവിട്ടത്.
ട്രെയിനിൽവച്ച് പെൺകുട്ടിയെ കണ്ടുവെന്ന് അവകാശപ്പെടുന്നയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയാറാക്കിയത്. കുട്ടിയെ കാണാനില്ലെന്ന വാർത്ത കണ്ടയാളാണ് ഷഹന പരശുറാം എക്സ്പ്രസിൽ സഞ്ചരിച്ചിരുന്നുവെന്ന വിവരം പൊലീസിന് കൈമാറിയത്. പെൺകുട്ടിയെക്കാൾ പ്രായക്കുറവ് തോന്നിക്കുന്നയാൾ കൂടെയുണ്ടായിരുന്നുവെന്ന ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് രേഖാ ചിത്രം തയാറാക്കുകയായിരുന്നു.
ഡിസംബർ 30 ന് ചൂരക്കോടെ വീട്ടിൽ നിന്നും ട്യൂഷൻ സെന്ററിലേക്ക് പോയ പെൺകുട്ടിയെയാണ് കാണാതായത്. ബന്ധുവീട്ടിൽ പോകുന്നുവെന്ന് പറഞ്ഞശേഷം വസ്ത്രം മാറി ബുർഖ ധരിച്ചാണ് ഷഹന പോയതെന്ന് കൂട്ടുകാരികൾ പറയുന്നു. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള 36 അംഗ സംഘം അഞ്ച് ടീമുകളായി തിരിഞ്ഞാണ് ഷഹനയ്‌ക്കായി അന്വേഷണം നടത്തുന്നത്. പട്ടാമ്പി റെയിൽവേ സ്റ്റേഷനിലൂടെ നടക്കുന്ന പെൺകുട്ടിയുടെ സിസിടിവി ദൃശ്യങ്ങൾ മാത്രമാണ് പൊലീസിന് ഇതുവരെ ലഭിച്ചത്.