തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷത്തിനിടെ ഒരാൾക്ക് കുത്തേറ്റു. തിരുവനന്തപുരം പൂവച്ചൽ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി അസ്ലമിനാണ് കുത്തേറ്റത്. പ്ലസ് വൺ വിദ്യാർത്ഥികളായ നാലുപേരാണ് അസ്ലമിനെ അക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശ്വാസകോശം തുളച്ചാണ് കുത്തേറ്റിരിക്കുന്നത്. ഇന്ന് ഉച്ചയ്‌ക്കായിരുന്നു സംഭവം. സ്കൂളിന് പുറത്ത് പൂവച്ചൽ ബാങ്ക് നട ജംഗ്ഷനിൽ വച്ചാണ് വിദ്യാർത്ഥികൾ തമ്മിൽ സംഘർഷമുണ്ടായത്. ഒരുമാസം മുൻപ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളും പ്ലസ് ടു വിദ്യാർത്ഥികളും തമ്മിൽ സംഘർഷമുണ്ടായിരുന്നുവെന്നും ഇതിന്റെ തുടർച്ചയാണ് പ്ലസ് ടു വിദ്യാർത്ഥിക്കെതിരായ അക്രമണമെന്നും പൊലീസ് പറഞ്ഞു.
ഒരു മാസം മുൻപ് സ്കൂളിലുണ്ടായ സംഘർഷത്തിൽ വിദ്യാർത്ഥികളെ തടയാനെത്തിയ സ്കൂൾ പ്രിൻസിപ്പലിനും പിടിഎ പ്രസിഡന്റിനും സഹിതം പരിക്കേറ്റിരുന്നു. തുടർന്ന് അച്ചടക്ക നടപടിയുടെ ഭാഗമായി അക്രമണത്തിൽ ഉൾപ്പെട്ട 18 വിദ്യാർത്ഥികളെ സ്കൂളിൽ നിന്നും പുറത്താക്കി. 20 വിദ്യാർത്ഥികൾക്കെതിരെ കാട്ടാക്കട പൊലീസ് സ്റ്റേഷനിൽ കേസും നിലവിലുണ്ട്.