ന്യൂഡൽഹി: സ്പേയ്ഡെക്സ് ചേസർ പകർത്തിയ ഭൂമിയുടെ സെൽഫി വീഡിയോ പങ്കുവച്ച് ഐഎസ്ആർഒ. ലോകത്തെ തന്നെ അമ്പരിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇസ്രോയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പുറത്തുവിട്ടിരിക്കുന്നത്. സ്പേയ്ഡെക്സ് ബഹിരാകാശ ഡോക്കിംഗിന് മുന്നോടിയായി ചേസർ ഉപഗ്രഹം പകർത്തിയ സെൽഫി വീഡിയോയാണ് പുറത്തുവിട്ടത്.
ചലിക്കുന്ന ഭൂമിയെ വ്യക്തമായി വീഡിയോയിൽ കാണാം. മേഘങ്ങളെ അടയാളപ്പെടുത്തുന്ന വെള്ള നിറത്തിനിടയിൽ നീലചാലുകളും കാണാം. സമുദ്രങ്ങളാണ് നീല നിറത്തിൽ ദൃശ്യമാകുന്നതെന്നാണ് നിഗമനം. ചേസർ കൃത്രിമ ഉപഗ്രഹത്തിലെ വീഡിയോ നിരീക്ഷണ കാമറയാണ് ദൃശ്യങ്ങൾ പകർത്തിയത്. ജനുവരി രണ്ടിനാണ് വീഡിയോ ചിത്രീകരിച്ചത്.
SPADEX chaser captures an in-orbit space selfie video!
#ISRO #SpaceTech pic.twitter.com/5oCdmRLtTi
— ISRO (@isro) January 4, 2025
2024-ലെ അവസാന ഇസ്രോ ദൗത്യമായി ഡിസംബർ 30-നാണ് സ്പേയ്ഡെക്സ് വിക്ഷേപിച്ചത്. ചേസർ, ടാർജറ്റ് എന്നീ രണ്ട് ഉപഗ്രഹങ്ങളെയും വഹിച്ചുകൊണ്ടാണ് പിഎസ്എൽവിസി- 60 കുതിച്ചുയർന്നത്. ബഹിരാകാശത്ത് വച്ച് ഈ ഉപഗ്രഹങ്ങളെ കൂട്ടിച്ചേർക്കുന്ന ഇസ്രോയുടെ ദൗത്യം ജനുവരി ഏഴിന് നടക്കും. ബെംഗളൂരുവിലെ ഇസ്ട്രാക്കിൽ നിന്നാണ് ഉപഗ്രഹങ്ങളെ നിയന്ത്രിക്കുന്നത്.
220 കിലോഗ്രാം ഭാരമാണ് ഉപഗ്രഹങ്ങൾക്കുള്ളത്. ബഹിരാകാശത്ത് എത്തുന്ന ഉപഗ്രഹങ്ങളെ വേർപിരിക്കുകയും പിന്നീട് കൂട്ടിയോജിക്കുകയും ചെയ്യുന്നു. ഇത് രണ്ടും വിജയകരമായി നടന്നാൽ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.