ന്യൂഡൽഹി: ആം ആദ്മി പാർട്ടിയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയുടെ ദുരന്തമാണ് ആം ആദ്മി പാർട്ടിയെന്ന് പ്രധാനമന്ത്രി രൂക്ഷമായി വിമർശിച്ചു. ഡൽഹിയിലെ ജനങ്ങളുടെ 10 വർഷമാണ് പാഴായതെന്നും അടിസ്ഥാന വികസനം പോലും ഡൽഹിയിൽ നടപ്പിലായില്ലെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ഡൽഹി രോഹിണിയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” ആം ആദ്മി പാർട്ടി ഡൽഹിയിലെ ജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കുകയാണ്. ജനങ്ങളുടെ 10 വർഷം പാഴായി. ജലക്ഷാമം, വായുമലീകരണം, തുടങ്ങിയ ബുദ്ധിമുട്ടുകൾ ജനങ്ങൾ അനുഭവിക്കുന്നുണ്ട്. ഇതിന്റെ പേരിൽ ഓരോ സീസണുകളിലും സർക്കാർ ഡൽഹിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നു. ഡൽഹിയുടെ വികസനത്തെ കുറിച്ച് ആം ആദ്മിക്ക് കാഴ്ചപ്പാടുകളില്ല.” ബിജെപി സർക്കാർ അധികാരത്തിലേറിയാൽ മാത്രമേ വികസനങ്ങളും മാറ്റങ്ങളും സാധ്യമാവുകയള്ളൂവെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യതലസ്ഥാനത്തെ എല്ലാ വികസന പ്രവർത്തനങ്ങളും കേന്ദ്ര സർക്കാരാണ് നടത്തിയത്. ഭാരത് മണ്ഡപം, യശോ ഭൂമി, കർത്തവ്യപഥ് എന്നിവയിൽ ഡൽഹി മുഴുവൻ അഭിമാനിക്കുന്നു. മെട്രോ സർവീസ് ഡൽഹിയുടെ ഓരോ കോണിലുമെത്തി. ഹൈവേകൾ, ഫ്‌ളൈ ഓവറുകൾ തുടങ്ങി എല്ലാ പദ്ധതികളും കേന്ദ്രസർക്കാർ നടപ്പിലാക്കിയതാണ്. പ്രധാനമന്ത്രി ആവാസ്‌യോജനയിലൂടെ പാവപ്പെട്ട ജനങ്ങൾക്ക് വീടുകൾ നിർമിക്കാനും കേന്ദ്രസർക്കാർ പണം നൽകുന്നു. ഡൽഹിയുടെ ശോഭന ഭാവിക്കായി ബിജെപിക്ക് അവസരം നൽകണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.
ഡൽഹിയിലെ ജനങ്ങൾക്ക് ബിജെപിയിൽ വിശ്വാസമുണ്ട്. ഡൽഹിയിൽ നടപ്പിലാക്കുന്ന പദ്ധതികളും ജനങ്ങൾക്ക് ലഭിക്കുന്നു ആനുകൂല്യങ്ങളും തുടരും. ആം ആദ്മി പാർട്ടിക്ക് വീണ്ടും അവസരം നൽകുന്നത് ഡൽഹിയെ തകർക്കുന്നതിന് തുല്യമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.















