പമ്പ: ശബരിമല പാതയിൽ മിനി ബസ് നിയന്ത്രണംവിട്ടുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. റോഡരികിൽ നിന്ന തീർത്ഥാടകനാണ് ബസ് ഇടിച്ച് മരിച്ചത്. തമിഴ്‌നാട്ടിൽ നിന്നെത്തിയ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് രണ്ട് വാഹനങ്ങളിൽ ഇടിച്ചശേഷം മറിയുകയായിരുന്നു.
വൈകീട്ട് അഞ്ചുമണിയോടെ എരുമേലി-പമ്പ ശബരിമല പാതയിലെ തുലാപ്പള്ളി ആലപ്പാട്ട് പടിയിലാണ് അപകടം. പ്ലാപ്പള്ളി വഴിയെത്തിയ മിനിബസ് ആലപ്പാട്ട് പടിയിലേക്കുള്ള കുത്തിറക്കം ഇറങ്ങുമ്പോഴാണ് നിയന്ത്രണം നഷ്ടമായത്. തുടർന്ന് സമീപത്തെ ഹോട്ടലിന്റെ പാർക്കിംഗ് പ്രദേശത്തുള്ള രണ്ട് കാറുകളിലിടിച്ച ശേഷം ബസിന്റെ മുൻഭാഗം താഴ്‌ചയിലേക്ക് മറിഞ്ഞു.
എതിർവശത്തെ റോഡരികിൽ നിന്നയാളിന്റെ ശരീരത്തിലൂടെയാണ് ബസ് കയറിയിറങ്ങിയത്. ഇയാൾ തൽക്ഷണം മരിച്ചു. ബസിലുണ്ടായിരുന്ന പത്തോളം അയ്യപ്പ ഭക്തർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ എരുമേലിയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.















