സിംഹവും, ആനയും, കടുവയും മുതലായ വന്യജീവികൾ വിഹരിക്കുന്ന കാട്. ഇത്തരം ഇടങ്ങളിൽ അകപ്പെട്ടുപോയാൽ തോലെങ്കിലും ബാക്കി കിട്ടുക ചുരുക്കമായിരിക്കുമെന്ന് പറഞ്ഞു കേട്ടിരിക്കും. എന്നാൽ അതിജീവനത്തിന്റെ കഥകളും മനുഷ്യർക്ക് മുന്നിൽ മായാതെ നിൽക്കുന്നുണ്ട്. അതിലേക്ക് ഒരു പൊൻത്തൂവൽ കൂടി നൽകിയിരിക്കുകയാണ് സിംബാബ്‌വെ നിന്നുള്ള ഒരു 8 വയസുകാരൻ.
ഡിസംബർ 27 നാണ് ടിനോടെൻഡ പുണ്ടു എന്ന 8 വസയുകാരൻ വന്യജീവികൾ വസിക്കുന്ന മാറ്റുസഡോണ നാഷണൽ പാർക്കിലെ ഉൾക്കാട്ടിൽ അകപ്പെട്ടത്. തന്റെ ഗ്രാമത്തിലെ കാടുകളിലൂടെ ടിനോടെൻഡ വനവിഭവങ്ങൾ ശേഖരിക്കാനായി അലയാറുണ്ടായിരുന്നു. ഇത്തരത്തിൽ വനത്തിലേക്ക് പ്രവേശിപ്പോൾ കുട്ടിക്ക് വഴി തെറ്റുകയായിരുന്നു. തുടർന്ന് 23 കിലോമീറ്ററോളം ഉൾക്കാട്ടിലൂടെ സഞ്ചരിച്ച് 8 വയസുകാൻ മാറ്റുസഡോണ നാഷണൽ പാർക്കിൽ എത്തുകയായിരുന്നു.
സിംഹങ്ങൾക്ക് പേരുകേട്ട ഇടമാണ് മാറ്റുസഡോണ. വനത്തിലൂടെ ഒഴുകുന്ന അരുവികളിൽ നിന്നും വെള്ളം കുടിച്ചും കായ്കനികൾ ഭക്ഷിച്ചുമായിരുന്നു 8 വയസുകാരൻ യാത്ര തുടർന്നത്. തന്റെ ഗ്രാമത്തിന് പക്കലുള്ള കാടുകളിൽ പോവാറുള്ളതിന്റെ അനുഭവ പരിചയം 8 വയസുകാരന് പലപ്പോഴും തുണയായെന്ന് സിംബാബ്‌വെ പാർലമെന്റ് അംഗം പി.മുത്സ മുറോംബെഡ്സി പറഞ്ഞു.
നാഷണൽ പാർക്കിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് അവശനായ നിലയിൽ കുട്ടിയെ കണ്ടെത്തുന്നത്. ഇതോടെ ഇവർ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. 5 ദിവസങ്ങൾക്ക് ശേഷം ജീവനോടെ കുട്ടിയെ കണ്ടെത്തിയത് തികച്ചും അവിശ്വസനീയമാണെന്ന് ദേശീയോദ്യാനത്തിലെ ജീവനക്കാർ പറഞ്ഞു. കുട്ടിയെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.