നന്ദമൂരി ബാലകൃഷ്ണ നായകനാകുന്ന ഠാക്കു മഹാരാജ് എന്ന ചിത്രത്തിന്റെ ട്രെയിലർ എത്തി. ആക്ഷൻ എൻ്റർടൈൻമെന്റ് ജോണിറിലെത്തുന്ന ചിത്രം മാസ് രംഗങ്ങൾക്കൊണ്ട് സമ്പന്നമാണെന്നാണ് ട്രെയിലർ നൽകുന്ന സൂചന. മലയാളത്തിൽ നിന്ന് ഷൈൻ ടോം ചാക്കോയും വില്ലനായി എത്തുന്നു എന്നതാണ് ശ്രദ്ധേയം. ബോബി ഡിയോളാണ് പ്രതിനായകനാകുന്നത്.
ബോബി കൊല്ലിയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഉർവശി റൗട്ടേല, ശ്രദ്ധ ശ്രീനാഥ്, പ്രഗ്യ ജയ്സ്വാൾ, ചാന്ദ്നി ചൗധരി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ് തമന്റെ ബിജിഎം വിജയ് കാർത്തിക് കണ്ണന്റെ ഛായാഗ്രാഹണവും ട്രെയിലറിലെ മാസ് രംഗങ്ങൾ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നുണ്ട്. ബാലകൃഷ്ണ ചിത്രത്തിൽ വിവിധ ഗെറ്റപ്പുകളിലാണ് എത്തുന്നതെന്ന സൂചനയും ട്രെയിലർ സമ്മാനിക്കുന്നു. രാം ചരണിന്റെ ഗെയിം ചെയിഞ്ചറിനൊപ്പം ജനവുരി 12-നാണ് ചിത്രം തിയേറ്ററിലെത്തുന്നത്.
നേരത്തെ പുറത്തുവന്ന “ദബിടി ദിബിടി” എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോക്ക് പ്രതീക്ഷിച്ചതിൽ നിന്ന് വിപരീതമായി സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം നേരിട്ടിരുന്നു. പാട്ടിലെ ബാലയ്യയുടെയും ഉർവശി റൗട്ടേലയുടെയും ഡാൻസാണ് ചോദ്യം ചെയ്യപ്പെട്ടത്. ഗാനത്തിന്റെ കൊറിയോഗ്രഫി അശ്ലീലമെന്നാണ് വിമർശനം. എസ് തമൻ സംഗീതം പകർന്ന ഗാനം തമനും വാഗ്ദേവിയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ശേഖർ മാസ്റ്ററാണ് പാട്ടിന് കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്.