ഇടിയുടെ വെടിപൂരം തീർത്താണ് ഉണ്ണി മുകുന്ദന്റെ മാർക്കോ തിയേറ്ററുകളിൽ കത്തിക്കയറിയത്. ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത മാർക്കോ ഹിറ്റായി മുന്നേറുമ്പോൾ മറ്റൊരു സന്തോഷ വാർത്ത കൂടി പടത്തെ തേടിയെത്തിയിരിക്കുകയാണ്. ആഗോള ബോക്‌സോഫീസിൽ സിനിമ 100 കോടി നേടിയെന്ന വാർത്തയാണ് ഉണ്ണി മുകുന്ദനും നിർമാതാക്കളായ ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്‌സും പങ്കുവയ്‌ക്കുന്നത്.
ലോകമെമ്പാടും കൊടുങ്കാറ്റായി മാർക്കോ വീശിയടിക്കുന്നുവെന്ന തരത്തിൽ 100 കോടി നേടിയതിന്റെ പോസ്റ്ററാണ് ഉണ്ണി പങ്കുവച്ചത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും മാർക്കോ പുറത്തിറങ്ങിയിരുന്നു. മറ്റ് ഭാഷകളിലും വൻ സ്വീകാര്യതയാണ് മാർക്കോയെ തേടിയെത്തിയത്. കൊറിയയിൽ ഉൾപ്പെടെ മാർക്കോയ്‌ക്ക് വൻ സ്വീകാര്യത ലഭിച്ചത് മലയാള സിനിമാ ലോകത്തെ വിദേശികളും ഏറ്റെടുത്തുവെന്നതിന്റെ തെളിവാണ്.
മലയാളത്തിന് സ്വന്തമായി ഒരു സമ്പൂർണ വയലൻസ് ചിത്രം എന്ന പേരിലായിരുന്നു മാർക്കോയുടെ പ്രമോഷനുകൾ. ഹോളിവുഡ് സിനിമകളിൽ മാത്രം മലയാളി, കണ്ടു പരിചയിച്ച വയലൻസ്. അതിന്റെ എല്ലാ പിരിമുറുക്കങ്ങളും ചടുലതയും കോർത്തിണക്കിയാണ് മാർക്കോ ഒരുക്കിയിരിക്കുന്നത്.’ ദ മോസ്റ്റ് വയലന്റ് ‘ ഫിലിം എന്ന് തുടക്കത്തിൽ തന്നെ അണിയറപ്രവർത്തകർ മുന്നറിയിപ്പ് നൽകി. പ്രേക്ഷകർ ആ പരീക്ഷണം ഏറ്റെടുത്തു. അതിന്റെ തെളിവാണ് തിയേറ്ററുകളിൽ നിന്നും മാർക്കോയ്‌ക്ക് ലഭിച്ച പ്രതികരണങ്ങൾ.
ഹോളിവുഡ് സിനിമകൾക്കൊപ്പം കിടപിടിക്കുന്ന ഉണ്ണിയുടെ ആക്ഷൻ രംഗങ്ങൾ മലയാളികളെ പോലെ മറ്റുള്ളവരും ഏറ്റെടുത്തു. ആഗോള ബോക്‌സോഫീസിൽ 100 കോടി ക്ലബിൽ മാർക്കോ എത്തി നിൽക്കുമ്പോൾ ഉണ്ണിയുടേതായി വരാനിരിക്കുന്ന ചിത്രങ്ങളിലും പ്രതീക്ഷയേറെയാണ്.















