മലപ്പുറം: നിലമ്പൂർ എംഎൽഎ പി.വി അൻവറിനെതിരെ കേസ്. നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർത്തതിലാണ് നടപടി. അൻവർ എംഎൽഎ അടക്കം 11 ഡിഎംകെ പ്രവർത്തകർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കൃത്യനിർവഹണം തടയൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്.
എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ പിവി അൻവറിന്റെ ഒതായിയിലെ വീട്ടിൽ വൻ പൊലീസ് സന്നാഹമാണ് എത്തിയിട്ടുള്ളത്. എംഎൽഎയെ ഉടൻ അറസ്റ്റ് ചെയ്തേക്കുമെന്നാണ് വിവരം. ഡിവൈഎസ്പി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അൻവറിന്റെ വീടിനകത്ത് കയറിയെന്നാണ് റിപ്പോർട്ട്. സംഭവസ്ഥലത്ത് അൻവറിന്റെ അനുയായികളും ഡിഎംകെ പ്രവർത്തകരും തടിച്ചുകൂടിയിട്ടുണ്ട്. അറസ്റ്റ് സംഭവിച്ചാൽ സംഘർഷത്തിനുള്ള സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് പൊലീസ്.
കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തെ തുടർന്നായിരുന്നു ഡിഎംകെയുടെ പ്രതിഷേധം. ഇതിന്റെ ഭാഗമായി നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർക്കുകയായിരുന്നു ഡിഎംകെ പ്രവർത്തകർ. കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ യുവാവ് രണ്ടര മണിക്കൂറോളം രക്തംവാർന്ന് കിടന്നുവെന്നും മരണശേഷം ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം നടപടികളെല്ലാം അനാസ്ഥകാരണം വൈകിയെന്നും വിമർശിച്ചുകൊണ്ടായിരുന്നു ഡിഎംകെയുടെ പ്രതിഷേധം.















