മലപ്പുറം: എടക്കരയിൽ ഒഴുക്കിൽപ്പെട്ട് 10 വയസുകാരന് ദാരുണാന്ത്യം. നാരോക്കാവ് സ്വദേശി വിജേഷിന്റെ മകൻ ജോഫിൻ ആണ് മരിച്ചത്. ജോഫിന്റെ സഹോദരനും ഒഴുക്കിൽപ്പെട്ടിരുന്നു.
നാരോക്കാവിൽ പുഴയിൽ കുളിക്കുന്നതിനിടെയാണ് സംഭവം. കുട്ടികൾ പെട്ടന്ന് ഒഴുക്കിൽപെടുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് കുട്ടികളെ പുഴയിൽ നിന്നും കരയ്‌ക്കെത്തിച്ചത്. തുടർന്ന് രണ്ട് പേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജോഫിന്റെ ജീവൻ രക്ഷിക്കാനായില്ല.
കാൽവഴുതിയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ജോഫിന്റെ സഹോദരൻ ചികിത്സയിലാണ്. ഇയാളുടെ ആരോഗ്യനില പരിശോധിച്ച് വരികയാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.