ന്യൂഡൽഹി: ആം ആദ്മി പാർട്ടിയെ കടന്നാക്രമിച്ച് ന്യൂഡൽഹി നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി പർവേഷ് വർമ്മ. ആം ആദ്മി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായിരുന്ന അരവിന്ദ് കെജ്‌രിവാളിന്റെ ഔദ്യോഗിക വസതിയായ ‘ശീഷ് മഹൽ’ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റണമെന്ന് പർവേഷ് പറഞ്ഞു. ജനങ്ങളുടെ നികുതി വെട്ടിച്ച് നിർമിച്ച ശീഷ് മഹൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വാർത്താ ഏജൻസിയായ എഎൻഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
” ശീഷ് മഹൽ വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് ഞാൻ മുഖ്യമന്ത്രി അതിഷിക്ക് കത്തയച്ചിട്ടുണ്ട്. ശീഷ് മഹൽ കാണാൻ ഡൽഹിയിലെ ജനങ്ങൾക്ക് അവകാശമുണ്ട്. വികസന പദ്ധതികൾക്കായി നീക്കിവച്ച തുകകൊണ്ടും ജനങ്ങളുടെ നികുതി വെട്ടിച്ചുമാണ് ശീഷ് മഹൽ പണിഞ്ഞത്. അതിനാൽ കെജ്‌രിവാളിന്റെ വസതി വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റണം.”- പർവേഷ് വർമ്മ പറഞ്ഞു.
എങ്ങനെയാണ് ഡൽഹിയിലെ ജനങ്ങളെ കെജ്‌രിവാൾ കൊള്ളയടിച്ചതെന്ന് ഓരോരുത്തരും ശീഷ് മഹലിന്റെ ഉൾവശം കണ്ട് മനസിലാക്കണം. എങ്ങനെയാണ് ഡൽഹി സർക്കാർ ജനങ്ങളെ വഞ്ചിച്ചതെന്നും കെജ്‌രിവാളിന്റെ തനിനിറം എന്തെന്നും ഇതിലൂടെ രാജ്യത്തെ ജനങ്ങൾക്ക് മനസിലാക്കാൻ സാധിക്കും. ജനങ്ങളെ കൊള്ളയടിച്ച് ആം ആദ്മി പാർട്ടി നടത്തിയ ഭരണത്തിന്റെ പ്രതീകമായി ശീഷ് മഹൽ മാറിയിരിക്കുന്നു.
ആഢംബര വസതിയുടെ ഉൾവശം വിലയേറിയ വസ്തുക്കൾ കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്. മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ശീഷ് മഹലിൽ തന്റെ ഭരണകാലം ചെലവഴിച്ചതെങ്ങനെയെന്ന് ജനങ്ങൾ മനസിലാക്കണമെന്നും പർവേഷ് വർമ്മ ആവശ്യപ്പെട്ടു. 10 മണി മുതൽ 4 മണി വരെ ജനങ്ങൾക്ക് സന്ദർശനം നടത്താൻ സാധിക്കുന്ന വിധത്തിൽ ശീഷ് മഹലിൽ സംവിധാനം ഒരുക്കണമെന്നും പർവേഷ് കത്തിൽ പറയുന്നു.
മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിതിനെയുമാണ് ഇത്തവണ പർവേഷ് വർമ്മ നേരിടുന്നത്. 2025 ഫെബ്രുവരിയിലാണ് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്.