44-ാം മിനിട്ടിൽ നേടിയ പെനാൽറ്റി ഗോളിൽ അഞ്ചാം ജയം പിടിച്ചെടുത്ത് കേരള ബ്ലാസ്റ്റേഴ്സ്. പഞ്ചാബിനെയാണ് ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്‌ത്തിയത്. നോഹ സദൂയിയാണ് കൊമ്പന്മാർക്കായി വല കുലുക്കിയത്. രണ്ടാം പകുതിയിൽ രണ്ടുപേർ ചുവപ്പ് കാർഡ് കണ്ട് പുറത്തായെങ്കിലും ബ്ലാസ്റ്റേഴ്സ് ഗോൾ വഴങ്ങാതെ പിടിച്ചുനിന്നു. 58-ാം മിനിറ്റില്‍ മിലോസ് ഡ്രിന്‍സിച്ച്, 74-ാം മിനിറ്റില്‍ ഐബാന്‍ബാ ഡോളിംഗ് എന്നിവരാണ് ചുവപ്പ് കണ്ട് പുറത്തായത്. സുരേഷ് മെയ്തെയ്യുടെ ഫൗളിലാണ് ബ്ലാസ്റ്റേഴ്സിന് പെനാൽറ്റി അനുവദിച്ചത്.
പന്ത് കൈയിൽ വച്ച് കളി നിയന്ത്രിച്ചത് കൊമ്പന്മാരാണെങ്കിലും കൂടുതൽ ഷോട്ടുകൾ പായിച്ചത് പഞ്ചാബായിരുന്നു. 15 മിനിട്ടിലേറെ ഒൻപതുപേരായി ചുരുങ്ങിയിട്ടും ഡൽഹിയിലെ കൊടും മഞ്ഞിനും ബ്ലാസ്റ്റേഴ്സിന്റെ പോരാട്ട ചൂടിനെ തണുപ്പിക്കാനായില്ല. 17 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് ഒമ്പതാം സ്ഥാനത്താണ്. 15 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ടീം അഞ്ച് മത്സരങ്ങള്‍ ജയിച്ചപ്പോള്‍ എട്ടെണ്ണം പരാജയപ്പെട്ടു. തുടർച്ചയായ അഞ്ച് പരാജയങ്ങൾക്ക് ശേഷമായിരുന്നു കൊമ്പന്മാരുടെ ജയം. പഞ്ചാബ് എട്ടാം സ്ഥാനത്താണ്.