ന്യൂഡൽഹി: തെലങ്കാനയിലെയും ജമ്മുവിലെയും നിരവധി റെയിൽവേ വികസന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘടനം ചെയ്യും. ജമ്മു മേഖലയിലെ ജനങ്ങൾക്ക് ഇന്ത്യയിലെ മറ്റ് മേഖലയിലേക്കുള്ള കണക്ടിവിറ്റി മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്ന ജമ്മു റെയിൽവേ ഡിവിഷൻ പദ്ധതിയാണ് ഇതിൽ പ്രധാനപ്പെട്ടത്. കിഴക്കൻ തീര റെയിൽവേയുടെ ഭാഗമായ രായഗഡ റെയിൽവേ ഡിവിഷൻ കെട്ടിടത്തിനും പ്രധാനമന്ത്രി തറക്കല്ലിടും. തെലങ്കാനയിലുള്ള ചാർലപ്പള്ളി ന്യൂ ടെർമിനൽ സ്റ്റേഷനും അദ്ദേഹം ഉദ്ഘടനം നിർവഹിക്കും. വീഡിയോ കോൺഫെറൻസ് വഴിയാണ് പദ്ധതികളുടെ ഉദ്‌ഘാടനങ്ങൾ.
തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാനും അടിസ്ഥാന സൗകര്യ വികസനം, ടൂറിസം, മേഖലയുടെ മൊത്തത്തിലുള്ള സാമൂഹിക-സാമ്പത്തിക വികസനം എന്നിവയ്‌ക്ക് സംഭാവന നൽകാനും ജമ്മു റെയിൽവേ ഡിവിഷൻ പദ്ധതി വഴിയൊരുക്കുമെന്ന് റെയിൽവേയുടെ പ്രസ്താവനയിൽ പറഞ്ഞു. പത്താൻകോട്ട്-ജമ്മു-ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള (423 കി.മീ), ഭോഗ്പൂർ-സിർവാൾ-പത്താൻകോട്ട് (87.21 കി.മീ), ബട്ടാല-പത്താൻകോട്ട് (68.17 കി.മീ), പത്താൻകോട്ട്-ജോഗീന്ദർ നഗർ റൂട്ടുകൾ (163.72 കി.മീ) എന്നിവ ഉൾപ്പെടുന്നതാണ് ഡിവിഷൻ. ഇവയുടെ സംയോജിത നീളം 742.1 കിലോമീറ്ററായിരിക്കും.
അതേസമയം തെലങ്കാനയിലെ മേഡ്ചൽ-മൽകാജ്ഗിരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ചാർലപ്പള്ളി ന്യൂ ടെർമിനൽ സ്റ്റേഷന് 13 കോടി രൂപയാണ് ചെലവ്. സെക്കൻ്റ് എൻട്രി സൗകര്യത്തോടൊപ്പം ഒരു പുതിയ കോച്ചിംഗ് ടെർമിനലായും സ്റ്റേഷൻ പ്രവർത്തിക്കും. ടെർമിനൽ പരിസ്ഥിതി സൗഹൃദവും യാത്രക്കാർക്ക് ആവശ്യമായ ആധുനിക സൗകര്യങ്ങളോടുകൂടിയതുമാണ്. പുതിയ ടെർമിനൽ സ്റ്റേഷന്റെ വരവോടെ നിലവിലെ കോച്ചിംഗ് ടെർമിനലുകളായ സെക്കന്തരാബാദ്, ഹൈദരാബാദ്, കാച്ചിഗുഡ എന്നിവിടങ്ങളിലെ തിരക്ക് കുറയ്‌ക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.