കൊച്ചി: ദ്വയാർത്ഥ പ്രയോഗങ്ങളിലൂടെ പൊതുവേദിയിൽ തന്നെ അപമാനിക്കാൻ ശ്രമിച്ച വ്യക്തിക്കെതിരെ സമൂഹമാദ്ധ്യമങ്ങളിലിട്ട പോസ്റ്റിൽ സ്ത്രീവിരുദ്ധ കമന്റുകളിട്ട സംഭവത്തിൽ നടിയും മോഡലുമായ ഹണി റോസ് നൽകിയ പരാതിയിൽ ആദ്യ അറസ്റ്റ്. കൊച്ചി കുമ്പളം സ്വദേശി ഷാജി എന്നയാളാണ് അറസ്റ്റിലായത്.
ഇന്നലെ സമൂഹമാദ്ധ്യമങ്ങളിലൂടെ നടത്തിയ തുറന്നെഴുത്തിന് പിന്നാലെയാണ് ഹണി റോസിനെതിരെ ആരോപണ വിധേയനായ വ്യക്തിയെ അനുകൂലിക്കുന്നവർ സൈബർ ആക്രമണവും മോശം കമന്റിട്ട് അവഹേളിക്കാനും നീക്കം തുടങ്ങിയത്. തുടർന്ന് രാത്രിയോടെ നടി എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. അശ്ലീല കമന്റുകളിട്ടവരെ രാത്രി തന്നെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു.
സമൂഹമാദ്ധ്യമങ്ങളിൽ നിന്ന് ഇവരുടെ ലൊക്കേഷനും ഫോൺ നമ്പരും ശേഖരിച്ചാണ് പൊലീസ് ഇവരെ തിരിച്ചറിഞ്ഞത്. 30 പേർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. തുടർന്നാണ് സൈബർ സെല്ലിന്റെ സഹായത്തോടെ ലൊക്കേഷൻ കണ്ടെത്തി അറസ്റ്റ് നടത്തിയത്. അറസ്റ്റിലായ ആളെ സെൻട്രൽ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകളും ഐടി ആക്ടും ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകളും ചുമത്തുമെന്നാണ് വിവരം.
പൊതുവേദികളിൽ പിന്തുടർന്ന് തന്നെ അപമാനിക്കാൻ ശ്രമിക്കുന്നുവെന്ന് ആയിരുന്നു ഹണി റോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഈ വ്യക്തി പല ചടങ്ങുകൾക്കും പിന്നീട് ക്ഷണിച്ചിട്ട് പോകാൻ വിസമ്മതം പ്രകടിപ്പിച്ചുവെന്നും ഇതിന്റെ പ്രതികാരമായി താൻ പങ്കെടുക്കുന്ന ചടങ്ങുകളിൽ മനപ്പൂർവ്വം വരാൻ ശ്രമിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ തന്റെ പേര് മാദ്ധ്യമങ്ങളിലൂടെ പറയുകയും ചെയ്യുന്നുവെന്ന് ആയിരുന്നു നടിയുടെ പോസ്റ്റ്. പണത്തിന്റെ ധാർഷ്ട്യത്തിൽ ഏത് സ്ത്രീയെയും ഒരാൾക്ക് അപമാനിക്കാൻ കഴിയുമോയെന്നും ഹണി റോസ് ചോദിച്ചിരുന്നു.
സംഭവം മാദ്ധ്യമങ്ങളിലും വലിയ ചർച്ചയായതോടെയാണ് ഹണി റോസിനെതിരെ സൈബർ ആക്രമണവും തുടങ്ങിയത്.