ലണ്ടൻ: പി. വി അൻവർ എംഎൽഎയുടെ അറസ്റ്റിൽ പ്രതികരിച്ച് മാദ്ധ്യമ പ്രവർത്തൻ ഷാജൻ സ്കറിയ. അൻവറിന്റെ അറസ്റ്റിൽ സന്തോഷമുണ്ട് . സത്യത്തിന് എക്കാലവും വിജയമുണ്ടാകും. എന്നെ പൂട്ടുമെന്ന് പറഞ്ഞാണ് അൻവറും ശിങ്കിടികളും നേതാവായ പിണറായി വിജയനും അന്ന് നടന്നത്. എനിക്ക് ഒന്നും സംഭവിക്കാതിരുന്നത് സത്യം ഉയർത്തി പിടിച്ചത് കൊണ്ടാണ്. അൻവർ ഭൂലോക ഫ്രോഡാണ്, സത്യമെന്നത് ലേവലേശമില്ല, ഒന്നാംതരം വർഗീയവാദിയാണ്. പിണറായിസ്റ്റ് ഭീകരയുടെ ചീഞ്ഞളിഞ്ഞ രൂപമാണ് അൻവറെന്നും ലണ്ടൻ ഗാറ്റ്‌വിക്ക് എയർപോർട്ടിൽ നിന്നും അദ്ദേഹം ജനം ടിവിയോട് പറഞ്ഞു.
അൻവർ അറസ്റ്റിലാകുമ്പോൾ നീതിയിൽ വിശ്വസിക്കുന്നവർ സന്തോഷിക്കും. അൻവർ പണ്ടേ ജയിലിൽ ആകേണ്ടയാളാണ്. അൻവറിനെ പോലെ അസത്യത്തിന്റെ കുട പിടിച്ച് നടക്കുന്നവരാണ് പിണറായി വിജയനും. പിണറായി തൽക്കാലം രക്ഷപ്പെട്ടുവെന്നേയുള്ളു. പിണറായിസത്തിന്റെ ഏറ്റവും ഭീകരമായ ഉൽപ്പന്നമാണ് അൻവർ. ജനശ്രദ്ധ ആകർഷിക്കുന്ന വിഷയങ്ങൾ ഏറ്റെടുത്ത് പിന്തുണ നേടാനാണ് അൻവറിന്റെ ശ്രമം. തീവ്ര സംഘടനകളാണ് അൻവറിന് പിന്തുണ നൽകുന്നതെന്നും അതു കൊണ്ടാണ് നീതിബോധമില്ലാത്ത സമരരൂപങ്ങൾ തിരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എൽഡിഎഫിന്റെ ഭാഗമായിരുന്ന സമയത്ത് അൻവർ ഷാജൻ സ്കറിയുമായി നിരന്തരം കൊമ്പുകോർത്തിരുന്നു. ഒടുവിൽ തൃക്കാക്കര പൊലീസ് ഷാജനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഷാജൻ സ്‌കറിയ പൊലീസിന്റെ വയർലെസ് സന്ദേശങ്ങൾ ചോർത്തെന്ന പരാതിയിൽ ആയിരുന്നു അറസ്റ്റ്. അന്ന് അൻവർ ചൂണ്ടിക്കാട്ടുന്നയാളെ പിണറായിയുടെ പൊലീസ് വിലങ്ങുവെക്കുന്നുവെന്ന ആക്ഷേപവും ഉയർന്നിരുന്നു.
ഇന്നലെ രാത്രി വൻ പൊലീസ് സംഘം ഒതായിയിലെ വീട്ടിലെത്തിയാണ് അൻവറിനെ അറസ്റ്റ് ചെയ്തത് കൊണ്ടു പോയത്. കാട്ടാനയുടെ ആക്രമണത്തിൽ വനവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർത്തതുമായി ബന്ധപ്പെട്ട് കേസിൽ ഒന്നാം പ്രതിയാണ് അൻവർ. രോഷാകുലരായ പ്രതിഷേധക്കാർ നിലമ്പൂരിലെ വനംവകുപ്പ് ഓഫീസിലേക്ക് ഇരച്ചുകയറുകയും കസേരകൾ അടിച്ചുതകർക്കുകയുമായിരുന്നു.