മലപ്പുറം: നിലമ്പൂർ നോർത്ത് ഡിവിഷൻ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർത്ത കേസിൽ പിവി അൻവർ എംഎൽഎയ്‌ക്കെതിരായ റിമാൻഡ് റിപ്പോർട്ട് പുറത്ത്. അൻവറിന്റെ സാന്നിധ്യത്തിലാണ് ഓഫീസ് ആക്രമിച്ചതെന്നും DFO ഓഫീസിൽ 35,000 രൂപയുടെ നാശനഷ്ടമുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. പൊലീസിന്റെ രഹസ്യരേഖ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ പ്രതിയെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ അൻവറിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
അൻവറിന്റെ നേതൃത്വത്തിലുള്ള സംഘം നോർത്ത് ഡിഎഫ്ഒ ഓഫീസിലേക്ക് അതിക്രമിച്ചു കയറി, ഉദ്യോഗസ്ഥരെ ആക്രമിച്ചു. പൊലീസുകാരെ തള്ളിമാറ്റി, നിലത്തിട്ട് ചവിട്ടി. അൻവറിന്റെ പ്രേരണയിലാണ് പത്തോളം ഡിഎംകെ പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് അൻവറിനെതിരെയും മറ്റ് പ്രവർത്തകർക്കെതിരെയും ചുമത്തിയിരിക്കുന്നത്.
രാഷ്‌ട്രീയ സാമ്പത്തിക സ്വാധീനമുള്ളയാളാണ് ഒന്നാം പ്രതിയായ എംഎൽഎയെന്നും മറ്റ് പ്രതികളായ അനുയായികൾ അന്വേഷണം തടസപ്പെടുത്തുകയും തെളിവുകൾ നശിപ്പിക്കുകയും ചെയ്യാൻ സാധ്യതയുള്ളതിനാൽ ഇവരെ കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തേണ്ട ആവശ്യകതയുണ്ടെന്ന് റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു.
ചോലനായ്‌ക്കർ വിഭാഗത്തിൽപ്പെട്ട യുവാവ് കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ഡിഎംകെ നടത്തിയ മാർച്ചാണ് ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർക്കുന്നതിലേക്ക് വഴിവച്ചതും കേസെടുക്കാൻ കാരണമായതും. പൊതുമുതൽ നശിപ്പിച്ചതിനും കൃത്യനിർവഹണത്തിൽ തടസം സൃഷ്ടിച്ചതിനും അൻവറിനെതിരെ കേസെടുത്ത പൊലീസ് ഞായറാഴ്ച രാത്രി തന്നെ അൻവറിന്റെ ഒതായിയിലുള്ള വസതിയിലെത്തി വീടുവളഞ്ഞ് അറസ്റ്റ് ചെയ്തിരുന്നു. വൻ പൊലീസ് സന്നാഹത്തോടെയായിരുന്നു എംഎൽഎയുടെ അറസ്റ്റ്. ഡിഎംകെ പ്രവർത്തകർ തടിച്ചുകൂടിയിരുന്നു. അറസ്റ്റിന് ശേഷം രാത്രി 11 മണിയോടെ നിലമ്പൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുൻപിൽ അൻവറിനെയും മറ്റ് പ്രതികളെയും ഹാജരാക്കി. തുടർന്ന് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. നിലവിൽ തവനൂർ സെൻട്രൽ ജയിലിലാണ് എംഎൽഎയുള്ളത്.
അൻവറിന്റെ ജാമ്യഹർജി പരിഗണിച്ച കോടതി പൊലീസ് റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിട്ടു. ഇതിന് ശേഷം ജാമ്യാപേക്ഷയിൽ വാദം കേൾക്കാമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.















