ന്യൂഡൽഹി: തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും HMPV സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇത് വരെ റിപ്പോർട്ട് ചെയ്തത് ആറ് HMPV കേസുകൾ. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ രണ്ട് കുട്ടികളാണ് ചികിത്സയിലുള്ളത്.
പനിയുടെ ലക്ഷണങ്ങളുമായി ചികിത്സ തേടിയെത്തിയ കുട്ടികളിലാണ് രോഗം സ്ഥിരീകരിച്ചത്. ബംഗാളിലും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കൊൽക്കത്തയിൽ എട്ട് മാസം പ്രായമുള്ള ആൺകുട്ടിയാണ് ചികിത്സയിലുള്ളത്.
രോഗമുണ്ടാകാൻ സാധ്യതയുള്ള പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ഇന്ത്യ സജ്ജമാണെന്ന് ഐസിഎംആർ വ്യക്തമാക്കി. എന്നാൽ വൈറസ് ബാധ സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഡയറക്‌ടറേറ്റ് ഓഫ് ജനറൽ ഹെൽത്ത് സർവീസും അറിയിച്ചിട്ടുണ്ട്.
HMPV ബാധയെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ശൈത്യകാലത്ത് സാധാരണ കണ്ടുവരുന്ന വൈറസ് ബാധയാണിത്. ജലദോഷത്തിന് സമാനമായ അസ്വസ്ഥതകളാണ് പ്രകടിപ്പിക്കുന്നതെന്നും ആരോഗ്യവിദഗ്ധർ പറയുന്നു.















