കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ അപകടത്തിൽ സംഘാടകർക്കെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി. പങ്കെടുത്തവരിൽ നിന്ന് സംഘാടകർ പണം വാങ്ങിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു. മനുഷ്യന് അപകടം സംഭവിച്ച സാഹചര്യത്തിലും പരിപാടി നിർത്തിവെക്കാൻ പോലും തയ്യാറായില്ല. മനുഷ്യജീവന് വിലയില്ലാതായെന്നും സംഘാടകർക്ക് പണം മാത്രം മതിയെന്നും കോടതി വിമർശിച്ചു.
സാധാരണക്കാരിൽ ഒരാളാണ് വീണിരുന്നതെങ്കിലും പരിപാടി നിർത്തിവെക്കേണ്ടതായിരുന്നു എന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഉമാ തോമസിന് പരിക്കേറ്റ ശേഷം കുറച്ചുനേരം പോലും പരിപാടി നിർത്തിവച്ചില്ല. ഇത് ക്രൂരതയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പരിപാടിയുടെ ബ്രോഷറും നോട്ടീസും ഉൾപ്പടെയുള്ള എല്ലാ രേഖകളും ഹാജരാക്കണമെന്ന് മൃദംഗവിഷനോട് നിർദേശിച്ച കോടതി, അപകടവുമായി ബന്ധപ്പെട്ട കേസിൽ പ്രതികൾക്ക് മജിസ്ട്രേറ്റ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനെയും വിമർശിച്ചു. ഇത്രയും ഗൗരവതരമായ കേസിൽ ജാമ്യം അനുവദിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു.
മൃദംഗവിഷൻ ഉടമ നിഗോഷ് കുമാർ അടക്കമുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്റെ പരാമർശം. സാമ്പത്തിക തട്ടിപ്പുകേസിലാണ് നിഗോഷ് കുമാർ അടക്കമുള്ളവർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. വിവാദ പരിപാടി നടന്നതിന് ശേഷം സംഘാടകർക്കെതിരെ പാലാരിവട്ടം പൊലീസ് രണ്ടാമതൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിരുന്നു. സാമ്പത്തിക തട്ടിപ്പ്, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഇതിലാണ് പ്രതികൾ മുൻകൂർ ജാമ്യം തേടിയത്.















