തലവേദനയോ, വയറുവേദനയോ, പനിയോ എന്തുമാകാട്ടെ, ഡോക്ടർമാരെ കാണാതെ മെഡിക്കൽ ഷോപ്പുകളിൽ നിന്നും എളുപ്പത്തിൽ ലഭിക്കുന്ന ആന്റിബയോട്ടിക്കുകൾ പോലുള്ള മരുന്നുകളായിരിക്കും ഭൂരിഭാഗം ആളുകളും ആശ്രയിക്കുക. എല്ലാ രോഗങ്ങൾക്കും ആന്റിബയോട്ടികളെ ആശ്രയിക്കുന്ന ശീലം ഇപ്പോൾ വർദ്ധിച്ചു വരികയാണെന്നാണ് പഠനങ്ങൾ പറയുന്നത്. ഇതിനിടെയാണ് ആശങ്ക ഉണർത്തി HMPV അഥവാ ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് എന്ന രോഗം പടരുന്നത്. ഈ സാഹചര്യത്തിൽ ആന്റിബയോട്ടിക്കുകൾ കഴിക്കുന്നത് രോഗം തടയാൻ സഹായിക്കുമോ എന്ന ചോദ്യങ്ങളും ഉയർത്തുന്നു. ഇല്ല എന്നതാണ് ലളിതമായ ഉത്തരം. കൂടുതൽ അറിയാം..
ആന്റിബയോട്ടിക് മരുന്നുകൾ വൈറസുകൾക്കായല്ല രൂപകൽപ്പന ചെയ്തിരിക്കുന്നത്. ബാക്ടീരിയകളെ നശിപ്പിക്കുകയെന്നതാണ് ഈ മരുന്നിന്റെ പ്രധാന ധർമ്മം. HMPV ശ്വാസകോശത്തെയും ശ്വാസനാളത്തെയും ബാധിക്കുന്ന വൈറസാണ്. ഇതിനെ നശിപ്പിക്കാൻ ആന്റിബയോട്ടിക്കുകൾക്ക് സാധിക്കില്ല. HMPV പാരാമിക്‌സോവൈറസ് കുടുംബത്തിൽ ഉൾപ്പെടുന്നു. ഇവയ്‌ക്ക് ഘടനയിലും പ്രവർത്തനത്തിലും കാര്യമായ വ്യത്യാസമുണ്ട്. വൈറൽ അണുബാധകൾക്ക് ആന്റിബയോട്ടിക്കുകൾ കഴിക്കുന്നത് വൈറസിനെ കൊല്ലുകയോ രോഗലക്ഷണങ്ങൾ കുറയ്‌ക്കുകയോ ചെയ്യുന്നില്ല.
ബാക്ടീരിയൽ അണുബാധയില്ലാതെ ആന്റിബയോട്ടിക്കുകൾ കഴിച്ചാൽ എന്ത് സംഭവിക്കും?
എല്ലാ രോഗങ്ങൾക്കും ആന്റിബയോട്ടിക്കുകൾ കഴിക്കുന്നത് ശീലമാക്കിയാൽ ശരീരം സ്വയം ആന്റിബയോട്ടിക്കിനെ പ്രതിരോധിക്കാൻ തുടങ്ങും. ഇത് ഭാവിയിൽ ബാക്ടീരിയൽ അണുബാധയെ ചെറുക്കാൻ ശരീരത്തെ ബുദ്ധിമുട്ടിലാക്കും. ഇതിനുപുറമെ ആന്റിബയോട്ടിക്കുകളുടെ അനാവശ്യ ഉപയോഗം വയറിളക്കം, ഛർദ്ദി തുടങ്ങിയവയിലേക്കും വഴിവയ്‌ക്കുന്നു.
പനിയോ, ചുമയോ അനുഭവപ്പെടുമ്പോൾ എപ്പോഴും ഡോക്ടറെ സമീപിക്കുക. വൈറൽ അണുബാധയുടെ ലക്ഷണങ്ങളാണ് പനിയും ചുമയും ക്ഷീണവുമെല്ലാം. നിലവിൽ HMPV യ്‌ക്ക് പ്രത്യേക ആന്റിവൈറൽ മരുന്നുകളില്ല. അതിനാൽ ശുചിത്വം പാലിക്കാൻ ശീലിക്കുക. കൈകൾ സോപ്പിട്ട് വൃത്തിയായി കഴുകുക, രോഗബാധിതരായ വ്യക്തികളുമായുള്ള അടുത്ത സമ്പർക്കം ഒഴിവാക്കുക, മാസ്‌ക് ധരിച്ച് പുറത്തിറങ്ങുക തുടങ്ങിയ കാര്യങ്ങൾ ശീലമാക്കാം.















