ന്യൂഡൽഹി: HMPV വൈറസിനെ പ്രതിരോധിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ. HMPV പുതിയ വൈറസല്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ജെ പി നദ്ദ പറഞ്ഞു. ഇന്ത്യയിൽ HMPV കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
” HPMV രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. പൊതുജന സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുകയാണ്. HMPV ഒരു പുതിയ വൈറസല്ലെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കിയിട്ടുണ്ട്. 2001 ലാണ് ഇത് ആദ്യമായി തിരിച്ചറിഞ്ഞത്. ഈ രോഗം വർഷങ്ങളായി ലോകമെമ്പാടും പ്രചരിക്കുന്നുണ്ട്.”- ജെപി നദ്ദ പറഞ്ഞു.
HMPV വായുവിലൂടെ പടർന്ന്, ശ്വസനത്തെ ബാധിക്കുന്നു. ഇത് എല്ലാ പ്രായത്തിലുമുള്ള ആളുകളെ ബാധിക്കാം. മഞ്ഞുകാലത്തും വസന്തത്തിന്റെ തുടക്കത്തിലുമാണ് വൈറസ് കൂടുതൽ പടരുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അടുത്തിടെ ചൈനയിൽ സ്ഥിരീകരിച്ച രോഗത്തിന്റെ കേസുകളും സ്ഥിതിഗതികളും ഇന്ത്യ ഉൾപ്പെടെയുള്ള അയൽ രാജ്യങ്ങൾ നിരീക്ഷിച്ചു വരികയാണ്. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) സ്ഥിതിഗതികൾ മനസ്സിലാക്കിയിട്ടുണ്ടെന്നും അതിന്റെ റിപ്പോർട്ട് ഉടൻ പങ്കിടുമെന്നും ജെപി നദ്ദ വ്യക്തമാക്കി.
നിലവിൽ 6 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചെന്നൈ, ബംഗാൾ, ഗുജറാത്ത് തുടങ്ങിയ ഇടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. പനി, ജലദോഷം, ശരീരവേദന തുടങ്ങിയവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ.















