റേഷൻ കാർഡിനും ആധാർ കാർഡിനും ഗ്യാസ് കണക്ഷനും വരെ ഓടി തളർന്ന സുമിത്രയ്‌ക്ക് ഇനി ആശ്വസിക്കാം. കേന്ദ്ര സർക്കാരിന്റെ കൈത്താങ്ങിൽ ലഭിച്ചത് ഇന്ത്യൻ പൗരത്വമാണ്. 40 വർഷമായി ബിഹാറിലെ ആരാ നഗരത്തിൽ കഴിയുന്ന സുമിത്ര പ്രസാദ് എന്ന റാണി സാഹയ്‌ക്കാണ് പൗരത്വ ഭേദഗതി നിയമ പ്രകാരം (CAA) ഇന്ത്യൻ പൗരത്വം നൽകിയത്. സംസ്ഥാനത്ത് ആദ്യമായാണ് സിഎഎ പ്രകാരം പൗരത്വം നൽകുന്നത്. ചരിത്രത്തിന്റെ ഭാഗമായിരിക്കുകയാണ് ഈ വനിത.
ഏറെ ദുസഹമായ ജീവിതാവസ്ഥകളിലൂടെയാണ് സുമിത്ര കടന്നുപോയത്. പതിറ്റാണ്ടുകളോളം പൗരത്വം തെളിയിക്കുന്നതിനായി പൊലീസ് സ്റ്റേഷനുകളും എംബസികളും കയറിയിറങ്ങി. 1985 മുതൽ വിസയിലാണ് സുമിത്ര ഇന്ത്യയിൽ കഴിയുന്നത്. 1970-ൽ അഞ്ചാം വയസിൽ അവിഭക്ത പാകിസ്താനിലെ ബന്ധുവീട്ടിലേക്ക് പോയി. കിഴക്കൻ പാകിസ്താനും പിന്നീട് ബംഗ്ലാദേശുമായി മാറിയ അവിടെയായിരുന്നു സുമിത്രയുടെ വിദ്യാഭ്യാസ കാലഘട്ടം. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിന് ശേഷം ഭൗമരാഷ്‌ട്രീയ പ്രശ്നങ്ങൾ ഉടലെടുത്തതോടെ സുമിത്ര ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നു. ബിഹാറിലെ കതിഹാർ ജില്ലയിലുള്ള കുടുംബത്തിനൊപ്പമായിരുന്നു പിന്നീടുള്ള ജീവിതം.
അതേ വർഷം മാർച്ചിൽ ബിഹാർ സ്വദേശിയായ പരമേശ്വര പ്രസാദിനെ വിവാഹം കഴിച്ചു. പിന്നീട് പൗരത്വം തെളിയിക്കാനായി ഏറെ കടമ്പകൾ സുമിത്രയ്‌ക്ക് കടക്കേണ്ടി വന്നു. എല്ലാ വർഷവും കൃത്യമായ ഇടവേളകളിൽ പ്രത്യേക നടപടിക്രമങ്ങളിലൂടെ കടന്നുപോകേണ്ട വന്നുവെന്ന് അവർ പറയുന്നു.
എവിടേക്കെങ്കിലും യാത്ര പുറപ്പെടണമെങ്കിൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കണം, എംബസിയെ അറിയക്കണം തുടങ്ങിയ പ്രതിസന്ധികളിലൂടെയാണ് സുമിത്ര ജിവിതം തള്ളിനീക്കിയത്. ബംഗ്ലാദേശിലേക്ക് നാടുകടത്തുമെന്ന് പ്രദേശവാസികൾ പലപ്പോഴും ഭീഷണി മുഴക്കിയിരുന്നുവെന്നും നിറകണ്ണുകളോടെ സുമിത്ര പറയുന്നു.
2010-ൽ ഭർത്താവിന്റെ മരണത്തോടെ ജീവിതം വീണ്ടും കയ്പ്പ് നിറഞ്ഞതായി. ഇതിന് പിന്നാലെയാണ് കേന്ദ്രം സുമിത്രയുടെ ജീവിതത്തിന് വെളിച്ചം പകർന്നത്. മൂന്ന് പെൺമക്കളാണ് സുമിത്രയ്‌ക്കുള്ളത്. ഇളയ മകളാണ് അമ്മയുടെ പൗരത്വത്തിന് അപേക്ഷിക്കാനായി മുന്നിട്ടിറങ്ങിയത്. നീണ്ട പോരാട്ടത്തിനൊടുവിൽ പൗരത്വം ലഭിച്ചതിന്റെ സന്തോഷത്തിലും സമാധാനത്തിലുമാണ് കുടുംബം. അമ്മയ്‌ക്ക് എല്ലാ രേഖകളും ഇനി എടുക്കാമെന്നും ആനുകൂല്യങ്ങൾ ലഭ്യമകുമെന്ന ആശ്വാസമുണ്ടെന്നും ഐശ്വര്യ പറയുന്നു. മൂന്ന് പെൺമക്കൾ അടങ്ങുന്ന കുടുംബം പോറ്റാൻ ഭർത്താവ് നടത്തിയിരുന്ന ഇലക്ട്‍ട്രോണിക്സ് കട നടത്തുകയാണ് സുമിത്ര. മക്കളിൽ രണ്ട് പേർ വിവാഹിതരാണ്.















