പത്തനംതിട്ട: കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസിന്റെ പോരായ്മകൾ തുറന്നു പറഞ്ഞ് വീഡിയോ പോസ്റ്റ് ചെയ്ത കരാർ ജീവനക്കാരനെ പിരിച്ചുവിട്ടു. മാവേലിക്കര യൂണിറ്റിലെ ഡ്രൈവർ കം കണ്ടക്ടറായ ഹരിപ്പാട് കുമാരപുരം ദേവദേയത്തിൽ കെ. കമലനെയാണ് പിരിച്ചുവിട്ടത്.
വെട്ടിക്കുറച്ച ആനുകൂല്യങ്ങൾ തിരികെ നൽകണമെന്നും വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ കൃത്യമായി നടത്തണമെന്നും സ്വിഫ്റ്റിൽ നടക്കുന്ന അനീതികൾക്കെതിരെ പല തവണ മന്ത്രിയോടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും പരാതി പറഞ്ഞെങ്കിലും നടപടി ഉണ്ടാവാതെ വന്നതോടെയാണ് സ്വിഫ്റ്റ് ജീവനക്കാരും കമലനും ചേർന്ന് സമൂഹമാദ്ധ്യമത്തിൽ വീഡിയോ പങ്കുവച്ചത്. കരാർ വ്യവസ്ഥകൾ ലംഘിച്ചെന്നാരോപിച്ചാണ് കമലനെ പിരിച്ചുവിട്ടത്.
മതിയായ പരിശോധനകളില്ലാതെയാണ് ഇപ്പോൾ സ്വിഫ്റ്റിലേക്ക് ജീവനക്കാരെ എടുക്കുന്നതെന്ന കമലൻ ആരോപിക്കുന്നു. ഡ്രൈവർമാരുടെ പരിചയക്കുറവ് അപകടങ്ങൾ ക്ഷണിച്ചുവരുന്നുവെന്നും മന്ത്രിയടക്കമുള്ളവർ ഇത് കണ്ടില്ലെന്ന് നടിക്കുകയാണെന്നും കമലൻ പറഞ്ഞു. പിരിച്ചുവിട്ട നടപടിക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കമലൻ.
20 വർഷത്തെ സൈനികസേവനത്തിന് പിന്നാലെ 2022-ലാണ് ദിവസ വേതന അടിസ്ഥാനത്തിൽ സ്വിഫ്റ്റിൽ ജോലിക്ക് കയറിയത്. മോട്ടോർ ട്രാൻസ്പോർട്ട് ഡ്രൈവർ ഹവിൽദാരായിട്ടാണ് കമലൻ വിരമിച്ചത്.















