വാഷിംഗ്ടൺ: കാനഡ അമേരിക്കയുമായി ലയിക്കണമെന്ന തന്റെ നിർദ്ദേശം നിയുക്ത അമേരിക്കൻ പ്രസിഡന്റ് ആവർത്തിച്ചു. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ രാജി പ്രഖ്യാപനത്തിന് പിന്നാലെയാണ് ഡൊണാൾഡ് ട്രംപ് തന്റെ നിലപാട് ഉറപ്പിച്ചു പറഞ്ഞത്.
കാനഡയുമായുള്ള വ്യാപാര കമ്മി യുണൈറ്റഡ് സ്റ്റേറ്റ്സ് സഹിക്കില്ലെന്ന് അറിയാവുന്നതിനാലാണ് ജസ്റ്റിൻ ട്രൂഡോ രാജിവച്ചതെന്നും നിരവധി കനേഡിയൻമാർ ആ രാജ്യം അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാകാൻ ആഗ്രഹിക്കുന്നുവെന്നും നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.

“കാനഡയിലെ നിരവധി ആളുകൾ 51-ാമത്തെ സംസ്ഥാനമാകുന്നത് ഇഷ്ടപ്പെടുന്നു. കാനഡക്കു വേണ്ടി വൻ വ്യാപാര കമ്മികളും സബ്‌സിഡികളും അമേരിക്കയ്‌ക്ക് ഇനി തുടരാൻ കഴിയില്ല. ജസ്റ്റിൻ ട്രൂഡോ ഇത് അറിയുന്നതിനാൽ രാജിവെക്കുകയും ചെയ്തു. കാനഡ യുഎസുമായി ലയിച്ചാൽ, താരിഫുകൾ ഉണ്ടാകില്ല, നികുതികൾ കുറയും, നിരന്തരം അവരെ ചുറ്റിപ്പറ്റിയുള്ള റഷ്യൻ, ചൈനീസ് കപ്പലുകളുടെ ഭീഷണിയിൽ നിന്ന് അവർ പൂർണ്ണമായും സുരക്ഷിതരായിരിക്കും. ഒരുമിച്ചാൽ, അത് എത്ര മഹത്തായ രാഷ്‌ട്രമായിരിക്കും!!!” ട്രംപ് കുറിച്ചു.
പുതിയ നേതാവിനെ തിരഞ്ഞെടുത്താലുടൻ ലിബറൽ പാർട്ടി നേതാവ് സ്ഥാനവും പ്രധാനമന്ത്രി സ്ഥാനവും രാജിവയ്‌ക്കുമെന്ന ട്രൂഡോയുടെ പ്രഖ്യാപനത്തിന് ശേഷം ട്രൂത്ത് സോഷ്യൽ എന്ന സോഷ്യൽ മീഡിയയിൽ നടത്തിയ പോസ്റ്റിലാണ് തനറെ നിലപാട് ഡൊണാൾഡ് ട്രംപ് ആവർത്തിച്ചു പ്രഖ്യാപിച്ചത്.















