അയോദ്ധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ വാർഷികാഘോഷങ്ങൾ ജനുവരി 11-ന് ആരംഭിക്കും. പ്രതിഷ്ഠാ ദ്വാദശിയോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുക. ക്ഷേത്ര ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസത്തെ ‘ശ്രീരാമരാഗ് സേവ’ ആസൂത്രണം ചെയ്തിട്ടുണ്ട്. കലാകാരന്മാർ കലകൾ ദേവന് സേവയുടെ രൂപത്തിൽ ശ്രീകോവിലിനോട് ചേർന്ന് നിർമ്മിച്ച മണ്ഡപത്തിൽ സമർപ്പിക്കും.
ജനുവരി 11-ന് ഉഷാ മങ്കേഷ്‌കറും മയൂരേഷ് പൈയും സംഗീത പരിപാടിയോടെയാകും ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുക. തുടർന്ന് സാഹിത്യ നഹാർ, സന്തോഷ് നഹർ എന്നിവർ സിത്താറിലും വയനിലിനിലും മാന്ത്രികത സൃഷ്ടിക്കും. തുടർന്ന് ഇന്ത്യയിലെ ക്ലാസിക്കൽ നർത്തകരിൽ പ്രധാനിയായ ആനന്ദ ശങ്കർ ഭരതനാട്യം അവതരിപ്പിക്കും.
ജനുവരി 12-ന് ശൈലേഷ് ശ്രീവാസ്തവ അവതരിപ്പിക്കുന്ന നാടൻ പാട്ടുകൾ, കാലാപാനി കോംകളിയുടെ രാം ഭജൻസ്, തുടർന്ന് ഗ്രാമി അവാർഡ് ജേതാവ് രാകേഷ് ചൗരസ്യയുടെ പുല്ലാങ്കുഴൽ പാരായണം എന്നിവ നടക്കും. അവസാന ദിനമായ 13-ന് ഷോവന നാരായണന്റെ കഥക് അവതരണം ഉണ്ടാകും. കർണാടിക് സ്റ്റൈലിൽ ത്രിചൂർ ബ്രദേഴ്സിന്റെ അവതരണവും ഉണ്ടാകും.
ഇവയ്‌ക്ക് പുറമേ അനുരാധ പൗഡ്‌വാൾ, കവി കുമാർ വിശ്വാസ് എന്നിവരുടെ പ്രകടനങ്ങൾ, രാം ചരിത് മാനസ് പാരായണം എന്നിവയും ഉണ്ടായിരിക്കും. ഋഗ്വേദത്തിലെ 40-ാം അദ്ധ്യായത്തിന്റെ പാരായണത്തോടും 1,975 വഴിപാടുകൾ ആഴിയിൽ സമർപ്പിച്ചും ആഘോഷം ആരംഭിക്കും. ഹനുമാൻ ചാലിസ, ആദിത്യ ഹൃദയ സ്‌തോത്രം എന്നിവയ്‌ക്ക് പുറമെ ശ്രീരാമ മന്ത്രം 6.6 ലക്ഷം തവണ ജപിക്കും.