അയോധ്യ: രാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ കണ്ണടയിൽ ക്യാമറ ഒളിപ്പിച്ച് ചിത്രങ്ങൾ പകർത്താൻ ശ്രമിക്കുന്നതിനിടെ യുവാവ് പിടിയിലായി. ഗുജറാത്തിലെ വഡോദര സ്വദേശിയായ ജയകുമാറിനെയാണ് ക്ഷേത്രപരിസരത്ത് സുരക്ഷാക്രമീകരണങ്ങൾ ലംഘിച്ചതിന് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. പ്രതിയുടെ കണ്ണടയ്‌ക്കുള്ളിൽ ഒരു ഒളിക്യാമറ വച്ചിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു ഇത് ഉപയോഗിച്ച് ക്ഷേത്രത്തിന്റെ അകത്തളത്തിന്റെ ചിത്രങ്ങൾ അനധികൃതമായി പകർത്താൻ അദ്ദേഹം ശ്രമിച്ചു. മെയിൻ ഗേറ്റിനു മുന്നിൽ വന്നപ്പോൾ കണ്ണടയിലെ ഫ്ലാഷ് ലൈറ്റ് തെളിഞ്ഞപ്പോൾ ഇത് ശ്രദ്ധിച്ച സെക്യൂരിറ്റി ഗാർഡ് പിടികൂടുകയായിരുന്നു.
സുരക്ഷ ഉറപ്പുവരുത്തുന്നതിനായി രാം മന്ദിർ സമുച്ചയത്തിൽ മൊബൈൽ ഫോണുകൾക്കും ക്യാമറകൾക്കും കർശനമായ നിരോധനം നടപ്പിലാക്കുന്നുണ്ട്. പിടിക്കപ്പെട്ട യുവാവിനെ പോലീസും രഹസ്യാന്വേഷണ ഏജൻസികളും ചോദ്യം ചെയ്തുവരികയാണ്. ഇയാൾക്ക് എന്തെങ്കിലും ക്രിമിനൽ ചരിത്രം ഉള്ളതായി ഇതുവരെ വെളിവായിട്ടില്ല.
ഇതൊരു ഒറ്റപ്പെട്ട സംഭവമാണോ അതോ ഒരു പദ്ധതിയുടെ ഭാഗമാണോയെന്നും ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.