ന്യൂഡൽഹി: ഇവിഎം അട്ടിമറിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തള്ളി ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ പറഞ്ഞു. ഇവിഎം ആർക്കും ഹാക്ക് ചെയ്യാൻ സാധിക്കില്ലെന്നും തെരഞ്ഞെടുപ്പിന് മുൻപും ശേഷവും ഇവിഎം പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇവിഎമ്മുകൾ ജുഡീഷ്യൽ സൂക്ഷ്മപരിശോധനയിൽ ആവർത്തിച്ച് വിജയിച്ചിട്ടുണ്ട്. 42 വ്യത്യസ്ത അവസരങ്ങളിൽ രാജ്യത്തെ പരമോന്നത കോടതികളിൽ സഹിതം മെഷീന്റെ വിശ്വാസ്യത തെളിയിക്കാനായിട്ടുണ്ടെന്നും രാജീവ് കുമാർ പറഞ്ഞു.
ഒരു ഗൂഢാലോചനയിലും കമ്മീഷനെ ഭാഗമാക്കാൻ കഴിയില്ല. നടപടിക്രമങ്ങൾ എല്ലാം സുതാര്യമായിരുന്നു. 2020 ന് ശേഷം നടന്ന 30 തെരഞ്ഞെടുപ്പുകളുടെ ഫലം ഈ സുതാര്യതയുടെ തെളിവാണെന്നും രാജീവ് കുമാർ ചൂണ്ടിക്കാട്ടി. ചോദ്യം ചെയ്യാനുള്ള അവകാശം ജനാധിപത്യത്തിലുണ്ട്. പക്ഷെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹി നിയമസഭാ മണ്ഡലത്തിലെ വോട്ടർപട്ടികയിൽ കൃത്രിമം നടന്നുവെന്ന ആംആദ്മിയുടേയും കോൺഗ്രസിന്റെയും ആരോപണങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. വോട്ടർ പട്ടികയിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുന്നുണ്ടെങ്കിൽ അത് കൃത്യവും കർശനവുമായ നടപടിക്രമങ്ങൾ പാലിച്ചുകൊണ്ടാണ്. അതിൽ കൃത്രിമത്വത്തിന് ഇടമില്ല. വോട്ടർപട്ടിക തയാറാക്കുന്ന ഓരോ ഘട്ടത്തിലും പാർട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഇവിഎമ്മിൽ കൃത്രിമം നടന്നതായി പ്രതിപക്ഷ നേതാക്കൾ പലപ്പോഴും ആരോപണം ഉന്നയിച്ചിരുന്നു. മഹാരാഷ്‌ട്ര, ഹരിയാന തിരഞ്ഞെടുപ്പ് ഫലങ്ങളെ ചോദ്യം ചെയ്ത കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇവിഎമ്മുകൾക്ക് പകരം ബാലറ്റ് പേപ്പറുകൾ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ തോൽക്കുമ്പോൾ മാത്രം ഇവിഎമ്മിനെ കുറ്റം പറയുന്ന പ്രതിപക്ഷ നിലപാടിനെ ബിജെപി ശക്തമായി വിമർശിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടികളുടെ സംശയ ദൂരീകരണത്തിനായി പ്രത്യേക യോഗവും ചേർന്നിരുന്നു.