ന്യൂഡൽഹി: അന്താരാഷ്‌ട്ര കുറ്റകൃത്യങ്ങളിലെ അന്വേഷണം കൂടുതൽ കാര്യക്ഷമമാക്കാൻ ദേശീയ-സംസ്ഥാന അന്വേഷണ ഏജൻസികളെ സഹായിക്കുന്ന ‘ഭാരത്പോൾ’ പോർട്ടൽ ഉദ്‌ഘാടനം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പോർട്ടലിന്റെ ഉപയോഗം വരും ദിവസങ്ങളിൽ രാജ്യത്തെ അന്താരാഷ്‌ട്ര അന്വേഷണങ്ങളെ പുതിയ തലത്തിലേക്ക് എത്തിക്കുമെന്ന് ഉദ്‌ഘാടന ശേഷം അമിത് ഷാ പറഞ്ഞു.
“കുറ്റകൃത്യങ്ങൾക്ക് ശേഷം പല കുറ്റവാളികളും നിയമവ്യവസ്ഥയെ കബളിപ്പിച്ച് രക്ഷപ്പെടാറുണ്ട്. എന്നാൽ, ഈ സംവിധാനത്തിലൂടെ ഇന്ത്യയിൽ നിന്ന് രക്ഷപ്പെടുന്നവരെ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരും. അവർ ഇന്ത്യയിൽ ഇല്ലെങ്കിലും, അവരുടെ വിചാരണ നടക്കും, കുറ്റവാളികൾ എവിടെയായിരുന്നാലും ശിക്ഷ അനുഭവിക്കേണ്ടിവരും,”അമിത് ഷാ പറഞ്ഞു.
നേരത്തെ ഇന്റർപോളുമായി നേരിട്ട് ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചിരുന്നത് സിബിഐ മാത്രമായിരുന്നു. എന്നാൽ ഇനിമുതൽ ‘ഭാരത്പോൾ’ പോർട്ടലിലൂടെ ഈ സേവനം സംസ്ഥാന പൊലീസ് സേനകൾ ഉൾപ്പെടെയുള്ള രാജ്യത്തെ എല്ലാ അന്വേഷണ ഏജൻസികൾക്കും ലഭ്യമാകും. കുറ്റകൃത്യത്തിന് ശേഷം വിദേശത്തേക്ക് കടന്നവരെക്കുറിച്ചും മറ്റ് അന്താരാഷ്‌ട്ര അന്വേഷണങ്ങൾക്കും ആവശ്യമായ വിവരങ്ങൾക്കായി ഏജൻസികൾക്ക് ഇന്റർപോളിന്റെ സഹായം അഭ്യർത്ഥിക്കാം. അന്തർദേശീയ കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിന് വിവിധ രാജ്യങ്ങളിൽ നിന്നുള്ള പൊലീസ് സേനകൾ തമ്മിലുള്ള സഹകരണം സുഗമമാക്കുന്ന ഒരു അന്താരാഷ്‌ട്ര സംഘടനയാണ് ഇൻ്റർപോൾ.
ഭാരത്‌പോളിന്റെ ഫലപ്രദമായ ഉപയോഗത്തിനായി സിബിഐ സംസ്ഥാന പൊലീസ് സേനകൾക്കുൾപ്പെട പരിശീലനം നൽകും. പോർട്ടലിലൂടെ എല്ലാ ഇൻ്റർപോൾ നോട്ടീസുകളെക്കുറിച്ചും സംസ്ഥാന പൊലീസിന് വിവരം ലഭിക്കും. സൈബർ കുറ്റകൃത്യങ്ങൾ, സാമ്പത്തിക കുറ്റകൃത്യങ്ങൾ, ഓൺലൈൻ ഭീകരവാദം, സംഘടിത കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന് കടത്ത്, മനുഷ്യക്കടത്ത് എന്നിവയുൾപ്പെടെയുള്ള അന്തർദേശീയ കുറ്റകൃത്യങ്ങളുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയം പുതിയ പോർട്ടൽ ആരംഭിച്ചത്.















