ബോർഡർ-ഗവാസ്കർ പരമ്പര തോൽവിയിൽ ക്യാപ്റ്റൻ രോഹിത്തിന്റെയും വിരാട് കോലിയുടെയും മോശം ഫോമിനെ ചുറ്റിപറ്റിയാണ് അധികം വിമർശനങ്ങളും ഉയർന്നത്. എന്നാൽ അവസരങ്ങൾ ആവശ്യത്തിൽ കൂടുതൽ ലഭിച്ചിട്ടും അത് വിനിയോഗിക്കാൻ കഴിയാത്ത ശുഭ്മാൻ ഗില്ലിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കൃഷ്ണമാചാരി ശ്രീകാന്ത്. 1983ലെ ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിലെ അംഗമായിരുന്നു ശ്രീകാന്ത്.
സെലക്ഷൻ കമ്മിറ്റി വളരെക്കാലമായി ഗില്ലിന് അനാവശ്യ പരിഗണ നൽകുന്നുവെന്ന് ശ്രീകാന്ത് ആരോപിച്ചു. ഗിൽ ഒരു ഓവർറേറ്റഡ് ക്രിക്കറ്ററാണ്. വിദേശപിച്ചുകളിൽ താരത്തിന്റെ പ്രകടനം ദയനീയമായിരുന്നു. എന്നിട്ടും അർഹരായ താരങ്ങളെ അവഗണിച്ചാണ് അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ഗില്ലിന് ടീമിൽ ഇടം നൽകിയത്. തന്റെ യൂട്യൂബ് ചാനലിലായിരുന്നു ശ്രീകാന്തിന്റെ അഭിപ്രായ പ്രകടനം.
സൂര്യകുമാർ യാദവ്, ഋതുരാജ് ഗെയ്‌ക്‌വാദ്, സായ് സുദർശൻ എന്നിവർ ടീമിൽ ഇടം അർഹിക്കുന്നു. മൂവരും ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും സെലക്ഷൻ കമ്മിറ്റി ഇപ്പോഴും ഇത് കണ്ടില്ലെന്ന് നടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഗെയ്‌ക്‌വാദ് മികച്ച സ്‌കോറുകൾ കണ്ടെത്തുന്നു. സായ് സുദർശനെപ്പോലുള്ള താരങ്ങൾക്ക് ഇന്ത്യ ‘എ’ ടീമുകളിൽ മാത്രമാണ് അവസരം നൽകുന്നത്. സൂര്യകുമാറിനെ സെലക്ടർമാരും മാനേജ്‌മെൻ്റും ചേർന്ന് ഒരു വൈറ്റ് ബോൾ സ്പെഷ്യലിസ്റ്റാക്കി മാറ്റിയെന്നും അദ്ദേഹം ആരോപിച്ചു.
യശസ്വി ജയ്‌സ്വാളിനെ ഒഴിച്ച് നിർത്തിയാൽ ഒരു ഇന്ത്യൻ ബാറ്ററിനും ഓസ്‌ട്രേലിയൻ പര്യടനത്തിൽ കാര്യമായ റൺസ് സ്കോർ ചെയ്യാൻ കഴിഞ്ഞിരുന്നില്ല. നിതീഷ് കുമാർ റെഡ്ഡി, ഋഷഭ് പന്ത്, കെ എൽ രാഹുൽ എന്നിവർ ചില അവസരങ്ങളിൽ ഭേദപ്പെട്ട വ്യക്തിഗത ഇന്നിംഗ്സുകൾ കാഴ്‌ചവച്ചു. എന്നാൽ നിർണായക ഘട്ടങ്ങളിൽ ടീമിനായി ഒത്തിണക്കത്തോടെ ബാറ്റ് ചെയ്യാൻ ഇവർക്കാർക്കും കഴിഞ്ഞില്ല.