തിരുവനന്തപുരം: പാണക്കാട് തങ്ങളും ലീഗും പറയുന്നതേ യുഡിഎഫിൽ നടക്കൂവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പി.വി അൻവർ ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ എതിർപ്പ് മറികടന്ന് യുഡിഎഫിൽ കയറിപ്പറ്റാനും നടത്തുന്ന നീക്കങ്ങളുടെ പശ്ചാത്തലത്തിലാണ് കെ സുരേന്ദ്രന്റെ പ്രതികരണം. അൻവറിനെ യുഡിഎഫിലേക്ക് അയച്ചത് പിണറായിയാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ആരോപിച്ചു.
കേരളത്തിൽ എത്രയോ പിടികിട്ടാപ്പുള്ളികളായ പ്രതികളെ പിടിക്കാനുണ്ട്. പക്ഷെ അതിനൊന്നും മിനക്കെടാതെ അൻവറിനെ പിടിച്ച് അകത്തിട്ടിട്ട് എന്തായെന്ന് കെ സുരേന്ദ്രൻ ചോദിച്ചു. ഇവിടുത്തെ കൊടും ക്രിമിനലുകളെ അറസ്റ്റ് ചെയ്യുന്നില്ല. അവർക്ക് സ്വീകരണം നൽകുകയാണ് സിപിഎം. അർദ്ധരാത്രി അൻവറിനെ വീട്ടിൽ ചെന്ന് അറസ്റ്റ് ചെയ്താൽ ഇങ്ങനൊരു രാഷ്‌ട്രീയമാറ്റം സ്വാഭാവികമാണ്. അതിൽ വലിയ അത്ഭുതം കാണുന്നില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
അൻവർ പഴയ കോൺഗ്രസുകാരൻ തന്നെയാണ്. അവിടെ അഭിപ്രായ വ്യത്യാസമുണ്ടായപ്പോൾ സിപിഎമ്മിന്റെ കൂടെപ്പോയി. അവിടെ നിന്ന് പ്രശ്‌നമുണ്ടായപ്പോൾ വീണ്ടും യുഡിഎഫിലേക്ക് പോകുന്നു. വി.ഡി സതീശൻ പറഞ്ഞതെല്ലാം വിഴുങ്ങിയോയെന്നും പ്രതിപക്ഷ നേതാവിന് അവിടെ എന്താണ് വിലയുള്ളതെന്നും കെ. സുരേന്ദ്രൻ ചോദിച്ചു.
പാണക്കാട് തങ്ങളും ലീഗും പറയുന്നതേ യുഡിഎഫിൽ നടക്കൂ. പാണക്കാട് തങ്ങളും ലീഗും അംഗീകരിച്ചാൽ സതീശന്റെ എതിർപ്പിന് വിലയില്ല. അൻവറിന് വീരപരിവേഷം നൽകാൻ മുഖ്യമന്ത്രിയുടെ ഇടപെടൽ കൂടി ഉണ്ടായെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. വയനാട് ഡിസിസി ട്രഷററുടേത് മരണമല്ല കൊലപാതകമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെയും പി.കെ കുഞ്ഞാലിക്കുട്ടിയെയുമാണ് അൻവർ സന്ദർശിച്ചത്. അൻവർ ഉയർത്തുന്ന പ്രശ്‌നങ്ങളിൽ യുഡിഎഫിന് എതിർപ്പൊന്നുമില്ലെന്ന് ആയിരുന്നു സാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം.