ബോർഡർ-ഗവാസ്കർ ട്രോഫിയിലെ ദയനീയ പ്രകടനത്തിന് പിന്നാലെ ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുക്കാൻ ഇന്ത്യൻ താരം കെ.എൽ രാഹുൽ. ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വിജയ് ഹസാരെ ട്രോഫിയിൽ കർണാടകയുടെ നോക്കൗട്ട് മത്സരങ്ങളിൽ രാഹുൽ കളിക്കില്ല. ബോർഡർ-ഗവാസ്കർ ട്രോഫിയിൽ അഞ്ച് മത്സരങ്ങളും കളിച്ച താരം നിറം മങ്ങിയ പ്രകടനമാണ് കാഴ്ചവച്ചത്.
ഇതോടെയാണ് താരം ക്രിക്കറ്റിൽ നിന്ന് അല്പം ഇടവേളയെടുക്കാൻ തീരുമാനിച്ചത്. രഞ്ജി ട്രോഫിയുടെ രണ്ടാംഘട്ടത്തിലും രാഹുൽ കളിക്കുമോ എന്ന കാര്യത്തിൽ വ്യക്തയില്ല. ജനുവരി 23-നാണ് ഇത് തുടങ്ങുന്നത്. കെ.എൽ രാഹുൽ പത്ത് ഇന്നിംഗ്സുകളിൽ നിന്ന് 276 റൺസാണ് നേടിയത്. വരുന്ന ഇംഗ്ലണ്ട് പരമ്പരയിൽ രാഹുൽ തിരിച്ചെത്തിയേക്കുമെന്നാണ് സൂചന.
ടി20 ടീമിൽ ഇടംപിടിച്ചേക്കില്ലെങ്കിലും ഏകദിന ടീമിലേക്ക് താരത്തെ പരിഗണിക്കുന്നുണ്ട്. ചാമ്പ്യൻസ് ട്രോഫിക്ക് മുൻപുള്ള ഏക ഏകദിന ടൂർണമെൻ്റാണിത്. അതേസമയം ടെസ്റ്റ് ടീമിലുണ്ടായിരുന്ന ദേവ്ദത്ത് പടിക്കലും പ്രസിദ്ധ് കൃഷ്ണയും കർണാടകയ്‌ക്കായി ആഭ്യന്തര ക്രിക്കറ്റ് കളിക്കും.