ന്യൂഡൽഹി: ഇസ്രോ തലപ്പത്ത് മാറ്റം. കന്യാകുമാരി സ്വദേശി ഡോ. വി നാരായണൻ ഐഎസ്ആർഒയുടെ ചെയർമാനാകും. ജനുവരി 14-ന് സ്ഥാനമേറ്റെടുക്കും. നിലവിൽ എൽപിഎസ്‍സി (ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ്) മേധാവിയാണ്.
നിലവിലെ ചെയർമാൻ എസ്. സോമനാഥിന്റെ കാലാവധി കഴിയുന്നതിനാലാണ് തലപ്പത്ത് മാറ്റം. രണ്ട് വർഷത്തേക്കാണ് നിയമനം. രാജ്യത്തെ സേവിക്കാൻ തന്നെ തെരഞ്ഞെടുത്തതിൽ പ്രധാനമന്ത്രിക്കും കേന്ദ്രസർക്കാരിനും നാരായണൻ നന്ദി പറഞ്ഞു. വലിയ ബഹുമതിയാണ് പുതിയ സ്ഥാനലബ്ധിയെന്ന് ഐഎസ്ആർഒ നിയുക്ത ചെയർമാൻ കൂട്ടിച്ചേർത്തു.
നാല് പതിറ്റാണ്ടോളം നീണ്ട കരിയറിൽ ഇസ്രോയുടെ വിവിധ വകുപ്പുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇസ്രോയുടെ വിവിധ ദൗത്യങ്ങൾക്കായി ഡോ. വി. നാരായണന്റെ നേതൃത്വത്തിൽ ഇതുവരെ 183 എൽപിഎസ്‍സി പവർ പ്ലാൻ്റുകളാണ് നിർമിച്ചത്. രാജ്യത്തിന്റെ കരുത്തുറ്റ വിക്ഷേപണ വാഹനമായ എൽവിഎം 3യുടെ C25 ക്രയോജനിക് പ്രൊജക്ട് നിർമിക്കുന്നതിനും ചുക്കാൻ പിടിച്ചതും അദ്ദേഹമായിരുന്നു. ആദിത്യ എൽ1, ചന്ദ്രയാൻ-2, ചന്ദ്രയാൻ-3 തുടങ്ങിയ തന്ത്രപ്രധാനമായ ദൗത്യങ്ങൾക്ക് പ്രൊപ്പൽഷൻ സിസ്റ്റം തയ്യാറാക്കിയതിന് പിന്നിലും ഡോ. നാരായണന്റെ നേതൃപാടവമുണ്ടായിരുന്നു.
ഖരഗ്പൂരിലെ ഐഐടിയിൽ നിന്ന് ക്രയോജനിക് എഞ്ചിനീയറിംഗിൽ എം ടെക്കും എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗിൽ പിഎച്ച്‌ഡിയും പൂർത്തിയാക്കി. എം. ടെക്കിന് ഒന്നാം റാങ്ക് നേടിയതിന് സിൽവർ മെഡൽ ലഭിച്ചു. ആസ്‍ട്രോണിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ (എഎസ്ഐ) ഗോൾഡ് മെഡൽ, എൻഡിആർഎഫിന്റെ നാഷണൽ ഡിസൈൻ അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. 1984-ലാണ് അദ്ദേഹം ഇസ്രോയുടെ ഭാഗമാകുന്നത്. 2018-ലാണ് എൽപിഎസ്‍സിയുടെ ചെയർമാനാകുന്നത്.
2022-ലാണ് മലയാളിയായ എസ്. സോമനാഥ് ഐഎസ്ആർഒ ചെയർമാനായി ചുമതലയേറ്റത്. നിർണായകമായ ദൗത്യങ്ങളും നേട്ടങ്ങളും രാജ്യം കൈവരിച്ചത് അദ്ദേഹത്തിന്റെ കാലത്താണ്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ റോവർ ഇറക്കിയ ലോകത്തിലെ ആദ്യ രാജ്യമായി ഭാരതം മാറി. തദ്ദേശീയ കുതിപ്പിൽ ചെലവ് കുറഞ്ഞ രീതിയിൽ മികച്ച പേടകങ്ങൾ നിർമിക്കുകയും വിക്ഷേപിക്കുകയും ചെയ്തത് കണ്ട് ലോകം തന്നെ അമ്പരിന്നിരുന്നു.
ഏറ്റവുമൊടുവിൽ ഭൂഗുരുത്വമില്ലാതെ പയർ വിത്തും മുളപ്പിച്ചു. വ്യാഴാഴ്ച നടക്കാനിരിക്കുന്ന ഡോക്കിംഗ് പരീക്ഷണമാകും എസ്. സോമനാഥിന്റെ നേതൃത്വത്തിൽ നടക്കുന്ന അവസാന പരിപാടി. ബഹിരാകാശത്ത് വച്ച് രണ്ട് ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുകയാണ് ലക്ഷ്യം. വിജയിച്ചാൽ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. ഭാരതത്തിന്റെ സ്വപ്ന ദൗത്യമായ ഗഗൻയാൻ ഉൾപ്പടെയുള്ള ദൗത്യങ്ങളാണ് നാരായണന് മുന്നിലുള്ളത്.