ന്യൂഡൽഹി: ബോർഡർ ഗാർഡ് ബംഗ്ലാദേശ് (ബിജിബി) അതിർത്തിയിലെ അഞ്ച് കിലോമീറ്ററോളം വരുന്ന ഭൂമി കയ്യേറിയെന്ന വാർത്ത നിഷേധിച്ച് അതിർത്തി സുരക്ഷാ സേന. വസ്തുത വിരുദ്ധമായ വാർത്തയാണ് ബംഗ്ലാദേശ് മാദ്ധ്യമങ്ങൾ പുറത്തുവിട്ടതെന്ന് ബിഎസ്എഫ് പ്രസ്താവനയിൽ അറിയിച്ചു. ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ബംഗ്ലാദേശ് ഏറ്റെടുത്തിട്ടില്ല, ഇനി എടുക്കുകയുമില്ലെന്നും ബിഎസ്എഫ് വ്യക്തമാക്കി. 1975-ലെ മാർഗനിർദ്ദേശ പ്രകാരമാണ് ബിഎസ്എഫും ബിജിബിയും അതിർത്തിയിൽ സുരക്ഷ ഉറപ്പാക്കുന്നത്. സമാധനപരമായാണ് ആധിപത്യം പുലർത്തുന്നതെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.
പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ ബാഗ്ദ ബ്ലോക്കിലെ രംഘാട്ട് ഗ്രാമത്തിൽ കയ്യേറ്റം നടന്നുവെന്ന തരത്തിലാണ് വാർത്ത പ്രചരിക്കുന്നത്. കോഡലിയ നദിയിലൂടെയാണ് അന്താരാഷ്‌ട്ര അതിർത്തി കടന്നുപോകുന്നത്. നദിക്ക് കുറുകെ റഫറൻസ് തൂണുകൾ ഉപയോഗിച്ച് വേർതിരിച്ചിട്ടുണ്ട്. ഇത് മാറ്റമില്ലാതെ തുടരുകയാണ്. മോട്ടോർ ഘടിപ്പിച്ച് ബോട്ടുകളും ഓൾ ടെറൈൻ വെഹിക്കിളുകളും (എടിവി) ഉപയോഗിച്ച് ബിജിബി ഉദ്യോഗസ്ഥർ പ്രദേശത്ത് പട്രോളിംഗ് ആരംഭിച്ചെന്ന വാർത്തയും അടിസ്ഥാന രഹിതമാണെന്നും അതിർത്തി സുരക്ഷാ സേന അറിയിച്ചു.
നദിയുടെ ഇരുവശങ്ങളിലും രണ്ട് രാജ്യത്തെയും സുരക്ഷാ ഉദ്യോഗസ്ഥർ സദാ നിരീക്ഷണമേർപ്പെടുത്തിയിട്ടുണ്ട്. കള്ളക്കടത്തിനനും ബംഗ്ലാദേശികളുടെ നുഴഞ്ഞുകയറ്റത്തിനും സാധ്യതയുള്ള പ്രദേശമാണ്. അത്തരം പ്രവർത്തനങ്ങൾ തടയാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ബിഎസ്എഫ് അറിയിച്ചു. 58 ബിജിബി ലെഫ്റ്റനൻ്റ് കേണൽ റഫീഖ് ഇസ്‌ലാമിന്റെ പുതിയ കമാൻഡിംഗ് ഓഫീസറാണ് ഈ അവകാശവാദങ്ങൾക്ക് പിന്നിലെന്നാണ് ആരോപണം.















