ന്യൂഡൽഹി: പ്രവാസി ഭാരതീയർക്കായി പ്രത്യേക ട്രെയിൻ അവതരിപ്പിച്ച് കേന്ദ്രം. ‘പ്രവാസി ഭാരതീയ എക്സ്പ്രസ്’ പ്രധാനമന്ത്രി ഇന്ന് ഫ്ലാഗ്ഓഫ് ചെയ്യും. ഡൽഹിയിലെ സഫ്ദർജംഗ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഓൺലൈനായാകും ഫ്ലാഗ്ഓഫ് ചെയ്യുക.
45-നും 65-നും ഇടയിൽ പ്രായമുള്ള ഇന്ത്യൻ പ്രവാസികൾക്ക് വേണ്ടിയുള്ള അത്യാധുനിക ടൂറിസ്റ്റ് ട്രെയിനാണിത്. മൂന്നാഴ്ച ട്രെയിൻ സർവീസ് നടത്തും. പ്രവാസികളെ സാംസ്കാരികവും ആത്മീയവുമായ വേരുകളുമായി ബന്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടാണ് ട്രെയിൻ ആരംഭിച്ചിരിക്കുന്നത്.
പ്രധാന വിനോദസഞ്ചാര, തീർത്ഥാടന കേന്ദ്രങ്ങൾ ഉൾക്കൊള്ളുന്ന ട്രെയിൻ മൂന്നാഴ്ചത്തേക്ക് സർവീസ് നടത്തും. അയോദ്ധ്യ, പട്‌ന, ഗയ, വാരണാസി, മഹാബലിപുരം, രാമേശ്വരം, മധുര, കൊച്ചി, ഗോവ, ഏക്താ നഗർ, അജ്മീർ, പുഷ്‌കർ, ആഗ്ര എന്നിവിടങ്ങൾ സന്ദർശിക്കാൻ അനുവദിക്കും.
ഗാന്ധിജി 1915-ൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയതിന്റെ വാർഷികമാണ് ജനുവരി 9-ന്. ഈ അനുസ്മരണ ദിനത്തിൽ പ്രവാസി ഭാരതീയ എക്‌സ്പ്രസ് ആദ്യ സർവീസ് നടത്തും. 156 പേർക്ക് യാത്ര ചെയ്യാനാകും. ഐആർസിടിസിയുടെ സഹകരണത്തോടെ വിദേശകാര്യ മന്ത്രാലയത്തിന് കീഴിലെ പ്രവാസി തീർത്ഥ ദർശൻ യോജന (PTDY) പ്രകാരമാണ് ട്രെയിൻ സർവീസ് ആരംഭിക്കുന്നത്.















