ബെംഗളൂരു : കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നടത്തിയ അത്താഴവിരുന്നിനെതിരെ ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. തന്റെ ഗ്രൂപ്പിൽപെട്ട മന്ത്രിമാരുമായും നിയമസഭാംഗങ്ങളുമായും മുഖ്യമന്ത്രി സിദ്ധരാമയ്യ നടത്തി വരുന്ന അത്താഴ വിരുന്നുകൾക്കെതിരെയാണ് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ സംഘടനാ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെ കണ്ടു പരാതി പറഞ്ഞത്. അത്തരം യോഗങ്ങൾ നിർത്തിവയ്‌ക്കാൻ നിദേശിക്കണമെന്ന് വേണുഗോപാലിനോട് ഡി കെ ശിവകുമാർ ആവശ്യപ്പെട്ടു.
പുതിയ സംസ്ഥാന അധ്യക്ഷനെ നിയമിക്കുന്നതിനെക്കുറിച്ചും കൂടുതൽ ഉപമുഖ്യമന്ത്രി സ്ഥാനങ്ങൾ സൃഷ്ടിക്കുന്നതിനെക്കുറിച്ചും, സിദ്ധരാമയ്യയുടെ വിശ്വസ്തരായ നിരവധി നേതാക്കൾ പ്രസ്താവനകൾ നടത്തിയതിൽ ശിവകുമാർ അതൃപ്തി പ്രകടിപ്പിച്ചു.
ജനുവരി രണ്ടിന് പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളി മുൻ കയ്യെടുത്ത് വിളിച്ചുചേർത്ത അത്താഴ വിരുന്നിന്റെ മറവിൽ നടത്തിയ ഗ്രൂപ്പ് യോഗത്തിൽ സിദ്ധരാമയ്യയും അദ്ദേഹത്തോട് വിശ്വസ്തരായ ഒരു കൂട്ടം മന്ത്രിമാരും പങ്കെടുത്തിരുന്നു.
എന്നാൽ സഹപ്രവർത്തകർക്കൊപ്പം നടത്തിയ അത്താഴ വിരുന്നിൽ രാഷ്‌ട്രീയ വിഷയങ്ങളൊന്നും ചർച്ച ചെയ്തില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ മാദ്ധ്യമങ്ങളോട് പറഞ്ഞു .
മാദ്ധ്യമങ്ങൾ ഇല്ലാത്ത വാർത്തകൾ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. സഹപ്രവർത്തകർ ഒത്തുചേരുന്നു. മാധ്യമങ്ങൾ വിവാദമുണ്ടാക്കുന്നു. ചിലർ ഇതിന് രാഷ്‌ട്രീയ നിറം കൊടുക്കുകയാണ്. അത്താഴവിരുന്ന് നടത്തുന്നതിൽ എന്താണ് തെറ്റെന്ന് സിദ്ധരാമയ്യ ചോദിച്ചു.
തിങ്കളാഴ്‌ച രാത്രി 45 മിനിറ്റിലധികം വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തിയ ശിവകുമാർ, നടന്നുകൊണ്ടിരിക്കുന്ന അത്താഴ വിരുന്നുകൾ ഉടനടി നിർത്തിയില്ലെങ്കിൽ, അത് രാഷ്‌ട്രീയ അഭ്യൂഹങ്ങൾക്ക് സാധ്യത നൽകുമെന്ന് പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഡി കെ ശിവകുമാർ ഈ സംഭവങ്ങൾ കർണാടകയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി സെക്രട്ടറി രൺദീപ് സുർജേവാലയുടെ ശ്രദ്ധയിലും എത്തിച്ചു. ഗ്രൂപ്പ് നേതാക്കളുമായി മുഖ്യമന്ത്രി ഇടയ്‌ക്കിടെ നടത്തുന്ന കൂടിക്കാഴ്ചകൾ പാർട്ടി പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും സർക്കാരിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്നും ഡി കെ ശിവകുമാർ പാർട്ടി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.
ഉപമുഖ്യമന്ത്രി കുടുംബത്തോടൊപ്പം തുർക്കിയിൽ അവധിക്കാലം ആഘോഷിക്കുമ്പോൾ മുഖ്യമന്ത്രി വ്യാപകമായി അത്തഴ വിരുന്നുകൾ സംഘടിപ്പിച്ചത് വിവാദമായിട്ടുണ്ട്.
അടുത്തിടെ ഒരു ടെലിവിഷൻ അഭിമുഖത്തിൽ മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹം തുറന്ന് പറഞ്ഞ ശിവകുമാർ അത് നേടിയെടുക്കാനുള്ള അന്തിമ പോരാട്ടത്തിലാണ്.