ധർമ്മസ്ഥല: ക്ഷേത്രങ്ങളിലെ വിഐപി സംസ്കാരം ഇല്ലാതാക്കണമെന്ന് വൈസ് പ്രസിഡൻ്റ് ജഗ്ദീപ് ധൻഖർ ചൊവ്വാഴ്ച പറഞ്ഞു. വിഐപി ദർശനമെന്ന ആശയം തന്നെ ദൈവികതയ്‌ക്കെതിരെയായതിനാൽ ക്ഷേത്രങ്ങളിൽ വിഐപി സംസ്‌കാരം പാടില്ല. കർണ്ണാടക ധർമ്മസ്ഥല ശ്രീ മഞ്ജുനാഥ ക്ഷേത്രത്തിൽ രാജ്യത്തെ ഏറ്റവും വലിയ ‘ക്യൂ കോംപ്ലക്‌സ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉപരാഷ്‌ട്രപതി. ‘ശ്രീ സാനിധ്യ’ എന്നാണ് ഈ ക്യൂ കോംപ്ലക്‌സ് അറിയപ്പെടുന്നത്.
“ഒരാൾക്ക് മുൻഗണന നൽകുകയും നമ്മൾ അതിനെ വിവിഐപി അല്ലെങ്കിൽ വിഐപി എന്ന് മുദ്രകുത്തുകയും ചെയ്യുമ്പോൾ – ഇത് സമത്വ സങ്കൽപ്പത്തെ ഇകഴ്‌ത്തുകയാണ്. വിഐപി സംസ്കാരം ഒരു അപഭ്രംശമാണ്. അതൊരു കടന്നുകയറ്റമാണ്. സമത്വത്തിന്റെ പശ്ചാത്തലത്തിൽ വീക്ഷിക്കുമ്പോൾ, അതിന് സമൂഹത്തിൽ ഒരു സ്ഥാനവും ഉണ്ടാകരുത്, മതപരമായ സ്ഥലങ്ങളിൽ ഇത് തീരെ പാടില്ല,” ധൻഖർ പറഞ്ഞു. 2047-ഓടെ വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലെത്താൻ രാജ്യത്തെ സഹായിക്കാൻ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.
ഉദ്ഘടനത്തിനു മുൻപ് ഉപരാഷ്‌ട്രപതി ഭാര്യയ്‌ക്കൊപ്പം മഞ്ജുനാഥ സ്വാമിയെ ദർശിച്ചു. ശ്രീ ക്ഷേത്ര ധർമ്മസ്ഥല ധർമ്മാധികാരി ഡി. വീരേന്ദ്ര ഹെഗ്ഡെ ഉപരാഷ്‌ട്രപതിയ്‌ക്കൊപ്പം ഉണ്ടായിരുന്നു.
അതിനു ശേഷം ഉപരാഷ്‌ട്രപതി പുതിയ ക്യൂ കോംപ്ലക്‌സായ ‘ശ്രീ സാനിധ്യ’ സന്ദർശിച്ചു.ഭക്തർക്ക് അത്യാധുനികമായ അടിസ്ഥാന സൗകര്യങ്ങൾ നൽകുന്നതിൽ ക്ഷേത്ര ട്രസ്റ്റിന്റെ പ്രതിബദ്ധതയെ അദ്ദേഹം അഭിനന്ദിച്ചു .
കർണാടക ധർമ്മസ്ഥലയിലെ മഞ്ജുനാഥ ക്ഷേത്രത്തിന്റെ ധർമ്മാധികാരി ഡി. വീരേന്ദ്ര ഹെഗ്ഡെ വിഭാവനം ചെയ്ത പുതിയ ക്യൂ സൗകര്യം നിലവിലുള്ള ക്യൂ സംവിധാനത്തിന് പകരമാണ്.
2,75,177 ചതുരശ്ര അടി വിസ്തൃതിയിലാണ് പുതിയ ക്യൂ സംവിധാനം. 600 മുതൽ 800 വരെ ഭക്തരെ ഉൾക്കൊള്ളുന്ന 16 ഹാളുകളുള്ള മൂന്ന് നിലകളുള്ള ഒരു സമുച്ചയമാണ് ഇതിൽ ഉള്ളത്. ഒരേ സമയം 10,000 മുതൽ 12,000 വരെ ഭക്തരാണ് സമുച്ചയത്തിന്റെ ആകെ കപ്പാസിറ്റിയെന്ന് ക്ഷേത്ര ഭരണസമിതി അറിയിച്ചു.
ഗ്രാമീണ വിദ്യാർത്ഥികൾക്കായി ‘ജ്ഞാന ദീപ പ്രോജക്റ്റ്’ എന്ന പേരിൽ ശ്രീ ക്ഷേത്ര ധർമ്മസ്ഥല റൂറൽ ഡെവലപ്‌മെൻ്റ് പ്രോജക്റ്റ് (എസ്‌കെഡിആർഡിപി) ന്റെ ഒരു സ്കോളർഷിപ്പ് പ്രോഗ്രാമും ഉപരാഷ്‌ട്രപതി ധൻഖർ ഉദ്‌ഘാടനം ചെയ്തു.