ലക്നൗ: ഉത്തർ പ്രദേശിലെ ഫിറോസാബാദിലെ റസൽപൂർ പ്രദേശത്ത് ക്ഷേത്രമുണ്ടെന്ന് ഹൈന്ദവ വിശ്വാസികൾ. കശ്മീരി ഗേറ്റ് പ്രദേശത്ത് ജില്ലാ ഭരണകൂടം ഖനനം ആരംഭിച്ചു. ആറ് പതിറ്റാണ്ടിലേറ പഴക്കമുള്ള ക്ഷേത്രമാണ് മൺമറഞ്ഞതെന്നാണ് ഹൈന്ദവ സംഘടനകൾ അവകാശപ്പെടുന്നത്. മൂന്ന് പതിറ്റാണ്ടിലേറെയായി അടച്ചിട്ടിരുന്ന ക്ഷേത്രം തുറന്നതിന് പിന്നാലെയാണ് പ്രദേശത്ത് മറ്റൊരു ക്ഷേത്രം കൂടി ഉണ്ടായിരുന്നതായി പറയുന്നത്.
ക്ഷേത്രത്തിന്റെ 60 ശതമാനത്തോളം ഏകദേശം 10 അടി താഴ്ചയിലാണെന്നാണ് വിലയിരുത്തൽ. ക്ഷേത്രമുണ്ടെന്ന് കരുതുന്ന സ്ഥലം ഹൈന്ദവ സംഘടനാ പ്രവർത്തകർ വൃത്തിയാക്കിയിരുന്നുവെന്ന് ജില്ലാ ഭരണകൂടവും പൊലീസും അറിയിച്ചു. പ്രദേശം വളരെ പവിത്രമായാണ് കരുതി പോകുന്നത്. മുൻ തലമുറക്കാരുടെ നിർദ്ദേശ പ്രകാരമാണ് ഖനനം നടക്കുന്നത്.
പ്രദേശത്ത് ക്ഷേത്രമുണ്ടായിരുന്നുവെന്ന് കർഷക കുടുംബത്തിൽപ്പെട്ട മുതിർന്നയാൾ സ്ഥിരീകരിച്ചു. ക്ഷേത്രത്തിന്റെ മുകൾ ഭാഗം ഇപ്പോഴും ദൃശ്യമാണെന്നത് അവകാശവാദത്തെ സാധൂകരിക്കുന്നു. ക്ഷേത്രത്തിന് 100 വർഷത്തിലേറെ പഴക്കമുണ്ടെന്നാണ് കരുതുന്നതെന്ന് വിഎച്ച്പി ജില്ലാ അദ്ധ്യക്ഷൻ രാജീവ് ശർമ പറഞ്ഞു. ചില കുടുംബങ്ങൾ നേരത്തെ ക്ഷേത്രപരിസരത്ത് താമസിച്ചിരുന്നു. എന്നാൽ ഇപ്പോൾ പ്രദേശം ഒഴിഞ്ഞു കിടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.