കൊച്ചി: തനിക്കെതിരെ അശ്ലീല പരാമർശം നടത്തിയ ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിയിൽ പ്രതികരിച്ച് ഹണി റോസ്. പരാതി നൽകി 24 മണിക്കൂറിനുള്ളിൽ നടപടിയുണ്ടായി. ഏറ്റവും സന്തോഷത്തിലൂടെയും മനസമാധാനത്തിലൂടെയും കടന്നുപോകുന്ന ദിവസങ്ങളാണിതെന്നും അവർ പറഞ്ഞു. കുറേനാളുകളായി അനുഭവിച്ചുവരുന്ന മാനസിക സംഘർഷങ്ങൾക്ക് അറുതിവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരാതി നൽകിയത്. നിയമസംവിധാനത്തിലും പൊലീസിലുമുള്ള വിശ്വാസം സംരക്ഷിക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്നും അവർ ജനം ടിവിയോട് പ്രതികരിച്ചു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി സംസാരിക്കാൻ അവസരം ലഭിച്ചിരുന്നു. നേരിട്ട ബുദ്ധിമുട്ടുകളും വിഷമങ്ങളും അറിയിച്ചു. കൂടാതെ ഡിജിപിക്കും പരാതി നൽകി. ഇവരിൽ നിന്നെല്ലാം അനുഭാവപൂർവ്വമായ നടപടിയാണ് ഉണ്ടായത്. ആരെക്കുറിച്ചും എന്തും പറയാമെന്നുള്ള രീതി സമൂഹത്തിൽ ഇല്ലെന്നും അത് നിയവിരുദ്ധമായ ഒരു കുറ്റകൃത്യമാണെന്നുമുള്ള സന്ദേശമാണ് ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് നൽകുന്നതെന്നും നടി പറഞ്ഞു.
ബോബി ചെമ്മണ്ണൂരിന്റെ തന്നെ പരിപാടിയിൽ തനിക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയപ്പോൾ അതിലുണ്ടായ ബുദ്ധിമുട്ട് അദ്ദേഹത്തെ അറിയിച്ചിരുന്നു. എന്നാൽ ഇത് പിന്നീടും തുടരുകയായിരുന്നു. ഒരാഴ്ചയ്‌ക്ക് മുൻപുവരെ ഇയാൾ തനിക്കെതിരെ അശ്ലീല പരാമർശം നടത്തിയിരുന്നു. ഇപ്പോൾ പരാതി നൽകിയ ശേഷം ക്ഷമാപണം നടത്തുന്നതിൽ അർത്ഥമില്ലെന്നും അവർ പറഞ്ഞു.
വളരെ വലിയ മാനസിക സമ്മർദങ്ങളിലൂടെയാണ് കടന്നുപോയത്. ഉത്കണ്ഠയുടെയും ഡിപ്രഷന്റെയുമെല്ലാം മരുന്നുകൾ കഴിച്ചിരുന്നു. തനിക്കൊപ്പം കുടുംബവും നിരവധി ബുദ്ധിമുട്ടുകൾ നേരിട്ട കാലയളവിനാണ് അവസാനമായിരിക്കുന്നത്. സമൂഹമാദ്ധ്യമങ്ങളിൽ ഒരു വൃത്തിയാക്കൽ ഉണ്ടാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ഹണി റോസ് പറഞ്ഞു. തനിക്കെതിരെ സൈബറാക്രമണം നടത്തിയവരെയും വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ല. ഇവർക്കെതിരെ നിയമപരമായി മുന്നോട്ടുപോകുമെന്നും ഹണി റോസ് പറഞ്ഞു.















