ന്യൂഡൽഹി: അപകടത്തിൽപ്പെട്ടവർക്ക് സൗജന്യ ചികിത്സ നൽകുന്ന പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. ഹിറ്റ്-ആൻഡ്-റൺ കേസുകളിൽ വാഹനമിടിച്ച് മരിക്കുന്ന സാഹചര്യമുണ്ടായാൽ പദ്ധതിയുടെ ഭാഗമായി രണ്ട് ലക്ഷം രൂപ ആശ്വാസധനം കുടുംബത്തിന് നൽകുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
കാഷ്ലെസ് ട്രീറ്റ്മെന്റ് അഥവാ പണരഹിത ചികിത്സ ലഭ്യമാക്കുക എന്നതാണ് പുതിയ പദ്ധതി. അപകടം സംഭവിച്ച് 24 മണിക്കൂറിനകം വിവരം പൊലീസിനെ അറിയിച്ചാൽ പരിക്കേറ്റയാൾക്ക് ഏഴ് ദിവസത്തേക്കുള്ള ചികിത്സ തികച്ചും സൗജന്യമായിരിക്കും. ഒന്നര ലക്ഷം രൂപ വരെയുള്ള ചികിത്സാ ചെലവ് സർക്കാർ വഹിക്കുന്നതാണ്. കൂടാതെ ഹിറ്റ്-ആൻഡ്-റൺ കേസുകളിൽ പരിക്കേറ്റയാൾക്ക് മരണം സംഭവിച്ചാൽ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം നൽകുന്നതുമാണെന്ന് നിതിൻ ഗഡ്കരി അറിയിച്ചു.
#WATCH | CORRECTION | Union Minister of Road Transport & Highways, Nitin Gadkari says "In the meeting, the first priority was for road safety – 1.80 lakh deaths have occurred in 2024. 30,000* people died because of not wearing a helmet. The second serious thing is that 66%* of… pic.twitter.com/Xsh1Q04VXn
— ANI (@ANI) January 8, 2025
അസം, ചണ്ഡിഗഡ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, പുതുച്ചേരി, ഹരിയാന എന്നിവിടങ്ങളിൽ പൈലറ്റ് പദ്ധതിയായി അവതരിപ്പിച്ചപ്പോൾ 6,840 പേർക്കാണ് പ്രയോജനം ലഭിച്ചതെന്നും കാഷ്ലെസ് ഇൻഷുറൻസ് സ്കീമിനെക്കുറിച്ച് കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. രാജ്യവ്യാപകമായി പദ്ധതി നടപ്പിലാക്കിയാൽ 50,000ത്തോളം ജീവനുകൾ രക്ഷിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വാഹനമിടിച്ച് പരിക്കേറ്റാൽ ആദ്യ മണിക്കൂറിൽ തന്നെ ചികിത്സ ലഭ്യമാക്കുകയെന്നത് ഏറ്റവും സുപ്രധാനമാണ്. Golden Hour എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ സമയത്ത് പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞാൽ ജീവൻ രക്ഷിക്കാൻ കഴിയുന്നതിനുള്ള സാധ്യത പതിന്മടങ്ങായി വർദ്ധിക്കുന്നു. ഹിറ്റ് ആൻഡ് റൺ കേസുകളിൽ പരിക്കേറ്റയാൾക്ക് മരണം സംഭവിക്കുന്നതിന്റെ പ്രധാനകാരണം, ഇവരെ ആശുപത്രിയിലെത്തിക്കാൻ ആരും തയ്യാറാകുന്നില്ല എന്നുള്ളതാണ്. പരിക്കേറ്റയാൾ രക്തത്തിൽ കുളിച്ച് റോഡരികിൽ കിടക്കുന്നത് കാണുമ്പോൾ ഇവരെ ആശുപത്രിയിലെത്തിക്കാൻ മടിക്കുന്നത് ചികിത്സാ ചെലവും മറ്റ് നൂലാമാലകളും ഭയന്നാണ്. ഈ സാഹചര്യത്തിൽ കേന്ദ്രസർക്കാർ അവതരിപ്പിക്കുന്ന കാഷ്ലെസ് ട്രീറ്റ്മെന്റ് പദ്ധതി നിരവധി ജീവനുകൾ രക്ഷിക്കാൻ സഹായമാകുമെന്നാണ് കരുതുന്നത്.















